< Back
India
Supreme Court Publishes Declaration Of Judges Assets On Website
India

'ജസ്റ്റിസ് കെ.വി വിശ്വനാഥന് 120.96 കോടിയുടെ നിക്ഷേപം'; ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പുറത്തുവിട്ട് സുപ്രിംകോടതി

Web Desk
|
6 May 2025 7:54 AM IST

ജുഡീഷ്യറിൽ ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്താൻ ഉദ്ദേശിച്ചാണ് ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയത്.

ന്യൂഡൽഹി: ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പുറത്തുവിട്ട് സുപ്രിംകോടതി. 21 ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങളാണ് സുപ്രിംകോടതി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ജസ്റ്റിസ് കെ.വി വിശ്വനാഥന് 120.96 കോടിയുടെ സ്വത്തുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്ക് 3.38 കോടിയുടെ നിക്ഷേപമാണുള്ളത്. ജുഡീഷ്യറിൽ ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്താൻ ഉദ്ദേശിച്ചാണ് ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നീക്കം.

ഏപ്രിൽ ഒന്നിന് ചേർന്ന ഫുൾ കോർട്ട് യോഗത്തിന് ശേഷമാണ് സ്വത്ത് വിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ വീട്ടിൽ നിന്ന് നോട്ട് കെട്ടുകൾ കണ്ടെടുത്തുവെന്ന ആരോപണം വലിയ വിവാദമായ സാഹചര്യത്തിലാണ് സുപ്രിംകോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പുറത്തുവിടാൻ തീരുമാനിച്ചത്. നേരത്തെ സുപ്രിംകോടതി ജഡ്ജിമാർ അവരുടെ സ്വത്ത് വിവരങ്ങൾ ചീഫ് ജസ്റ്റിസിനെ അറിയിക്കുമെങ്കിലും അത് പുറത്തുവിടാറില്ലായിരുന്നു.

ജസ്റ്റിസ് കെ.വി വിശ്വനാഥനാണ് സുപ്രിംകോടതി ജഡ്ജിമാരിൽ ഏറ്റവും സമ്പന്നൻ. 120.96 കോടി രൂപയാണ് ജസ്റ്റിസ് കെ.വി വിശ്വനാഥന്റെ നിക്ഷേപം. 2010 മുതൽ 2025 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ നികുതിയിനത്തിൽ 91.47 കോടി രൂപയാണ് ജസ്റ്റിസ് വിശ്വനാഥൻ നികുതിയിനത്തിൽ സർക്കാരിലേക്ക് അടച്ചത്.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്ക് സൗത്ത് ഡൽഹിയിൽ മൂന്ന് ബെഡ്‌റൂമുള്ള ഫ്‌ളാറ്റ്, ഗുരുഗ്രാമിൽ നാല് ബെഡ്‌റൂം ഉള്ള ഫ്‌ളാറ്റിൽ 56 ശതമാനം ഷെയർ തുടങ്ങിയവയുണ്ട്. ബാങ്കിൽ 55,75,000 രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. പിപിഎഫിൽ 1,06,86,000 രൂപയും ജിപിഎഫിൽ 1,77,89,000 രൂപയുമുണ്ടെന്നും സുപ്രിംകോടതി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത റിപ്പോർട്ടിൽ പറയുന്നു.

അടുത്ത ചീഫ് ജസ്റ്റിസായ ജസ്റ്റിസ് ബി.ആർ ഗവായിക്ക് അമരാവതി, മുംബൈ ബാന്ദ്ര, ഡൽഹി ഡിഫൻസ് കോളനി എന്നിവിടങ്ങളിൽ റസിഡൻഷ്യൽ അപ്പാർട്‌മെന്റുകളുണ്ട്. അമരാവതി, കേദാപൂർ എന്നിവിടങ്ങളിൽ കൃഷിഭൂമിയുമുണ്ട്. 19,63,584 രൂപയാണ് ജസ്റ്റിസ് ഗവായിയുടെ ബാങ്ക് ബാലൻസ്.

ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, ബി.വി നാഗരത്‌ന, ദീപാങ്കർ ദത്ത, അഹ്‌സനുദ്ദീൻ അമാനുല്ല, മനോജ് മിശ്ര, അരവിന്ദ് കുമാർ, പ്രശാന്ത് കുമാർ മിശ്ര, സതീഷ് ചന്ദ്ര ശർമ, പ്രസന്ന ബാലചന്ദ്ര വരാലെ, എൻ. കോടീശ്വർ സിങ്, ആർ. മഹാദേവൻ, ജോയ്മല്യ ബഗ്ചി എന്നിവർ സ്വത്ത് വിവരങ്ങൾ അപ്‌ലോഡ് ചെയ്തിട്ടില്ല.

Similar Posts