< Back
India
യഥാർഥ ഇന്ത്യക്കാരനായിരുന്നെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു: ചൈന കയ്യേറ്റ പരാമർശത്തിൽ രാഹുലിനെതിരെ സുപ്രിം കോടതി
India

'യഥാർഥ ഇന്ത്യക്കാരനായിരുന്നെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു': ചൈന കയ്യേറ്റ പരാമർശത്തിൽ രാഹുലിനെതിരെ സുപ്രിം കോടതി

Web Desk
|
4 Aug 2025 1:30 PM IST

അതേസമയം രാഹുലിനെതിരായ അപകീര്‍ത്തി കേസിലെ നടപടികൾ സ്റ്റേ ചെയ്തു

ഡൽഹി: ചൈന ഇന്ത്യയുടെ ഭൂമി കയ്യേറിയെന്ന പരാമര്‍ശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സുപ്രിം കോടതി. യഥാർഥ ഇന്ത്യക്കാരൻ ആയിരുന്നുവെങ്കിൽ അങ്ങനെ പറയില്ലായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം രാഹുലിനെതിരായ അപകീര്‍ത്തി കേസിലെ നടപടികൾ സ്റ്റേ ചെയ്തു.

"ചൈനക്കാർ 2,000 കിലോമീറ്റർ പിടിച്ചടക്കിയ കാര്യം നിങ്ങൾക്ക് എങ്ങനെ അറിയാം?" മാനനഷ്ടക്കേസ് ചോദ്യം ചെയ്ത് ഗാന്ധി സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെ സുപ്രിം കോടതി ചോദിച്ചു. "നിങ്ങൾ ഒരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ, നിങ്ങൾ അത് പറയില്ലായിരുന്നു" എന്ന് കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ദീപങ്കർ ദത്തയും ജസ്റ്റിസ് എ.ജി. മാസിഹും ഉൾപ്പെട്ട ബെഞ്ച് രാഹുലിന്‍റെ പ്രസ്താവനയോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് വാക്കാലുള്ള പരാമര്‍ശങ്ങൾ നടത്തി.

ഒരു പ്രതിപക്ഷ നേതാവിന് പ്രശ്നങ്ങൾ ഉന്നയിക്കാൻ കഴിയുന്നില്ലെങ്കിൽ അത് ദൗർഭാഗ്യകരമായ സാഹചര്യമായിരിക്കുമെന്ന് രാഹുൽ ഗാന്ധിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോ. അഭിഷേക് മനു സിംഗ്‍വി വാദിച്ചു. എന്നാൽ എന്തുകൊണ്ട് ഇത് പാര്‍ലമെന്‍റിൽ പറയാത്തതെന്നും സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിക്കുന്നതെന്നും ജസ്റ്റിസ് ദത്ത ചോദിച്ചു. 2022 ഡിസംബര്‍ 16 ന് ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ഗാന്ധി നടത്തിയ പ്രസ്താവനയാണ് കേസിന് ആധാരം.

Similar Posts