India
ടീസ്റ്റ സെതൽവാദിന് ഇടക്കാല ജാമ്യം
India

ടീസ്റ്റ സെതൽവാദിന് ഇടക്കാല ജാമ്യം

Web Desk
|
2 Sept 2022 3:57 PM IST

ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്രമോദി അടക്കമുള്ളവർക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്നാണ് ടീസ്റ്റ സെതൽവാദിനെതിരായ കേസ്

ന്യൂഡൽഹി: ഗുജറാത്ത് കലാപക്കേസിൽ വ്യാജ തെളിവുണ്ടാക്കിയെന്ന കേസിൽ സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിന് സുപ്രിംകോടതിയുടെ ഇടക്കാല ജാമ്യം. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

ഉപാധികളോടെയാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി പൂർണമായി സഹകരിക്കണം. കേസ് ഹൈക്കോടതി പരിഗണിക്കുന്നവതുവരെ പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണം തുടങ്ങിയ ഉപാധികളാണ് വച്ചിട്ടുള്ളത്.

ഉച്ചയ്ക്കാണ് സുപ്രിംകോടതി ടീസ്റ്റയുടെ ജാമ്യഹരജി പരിഗണിച്ചത്. എന്നാൽ, ടീസ്റ്റയ്ക്ക് ജാമ്യം നൽകരുതെന്ന് ഗുജറാത്ത് സർക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ, ഇത്രയും ദിവസം കസ്റ്റഡിയിലെടുത്തിട്ട് ടീസ്റ്റയിൽനിന്ന് എന്ത് തെളിവ് കിട്ടിയെന്ന് കോടതി ചോദിച്ചു. ടീസ്റ്റ അന്വേഷണത്തോട് സഹരിക്കുന്നില്ലെന്നായിരുന്നു ഗുജറാത്ത് സർക്കാർ മറുപടി നൽകിയത്.

ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ടീസ്റ്റ സുപ്രിംകോടതിയിലെത്തിയത്. ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്രമോദി അടക്കമുള്ളവർക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്നാണ് ടീസ്റ്റ സെതൽവാദ്, മുൻ ഐ.പി.എസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആർ.ബി ശ്രീകുമാർ എന്നിവർക്കെതിരായ കേസ്. ഗൂഢാലോചന ആരോപിച്ച് എസ്.ഐ.ടിയുടെ ക്ലീൻചിറ്റ് ചോദ്യം ചെയ്ത് സാക്കിയ ജാഫ്രി സമർപ്പിച്ച ഹരജി സുപ്രിംകോടതി തള്ളിയതിന് തൊട്ടുപിന്നാലെ ജൂൺ 26ന് മുംബൈയിൽനിന്നാണ് ടീസ്റ്റയെയും ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി ശ്രീകുമാറിനെയും ഗുജറാത്ത് എ.ടി.എസ് അറസ്റ്റ് ചെയ്തത്.

കലാപക്കേസിൽ മോദിയടക്കമുള്ളവർക്ക് പങ്കില്ലെന്ന എസ്.ഐ.ടി കണ്ടെത്തൽ സുപ്രിംകോടതി ശരിവച്ചതിന് പിന്നാലെയായിരുന്നു നടപടി. കേസിൽ വ്യാജ ആരോപണങ്ങളും തെളിവുകളുമുണ്ടാക്കിയവർക്കെതിരെ ഉചിതമായ നിയമനടപടിയാകാമെന്ന കോടതി നിർദേശത്തിന് പിന്നാലെയാണ് നടപടിയുണ്ടായത്. കലാപകാലത്ത് എ.ഡി.ജി.പിയായിരുന്ന ശ്രീകുമാർ നാനാവതി കമ്മീഷന് മുന്നിൽ അന്നത്തെ മോദി സർക്കാരിനെതിരായ തെളിവുകൾ ഹാജരാക്കിയിരുന്നു. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു, തെളിവുകൾ വ്യാജമായി ഉണ്ടാക്കി, മൂവരും ചേർന്ന് ഗൂഢാലോചന നടത്തി എന്നിങ്ങനെയാണ് കുറ്റങ്ങൾ. എന്നാൽ പ്രതികാര ബുദ്ധിയോടെയുള്ള നടപടിയാണ് ഈ കേസെന്നാണ് ടീസ്റ്റയുടെ അഭിഭാഷകൻ വാദിക്കുന്നത്.

Summary: Supreme Court grants interim bail to Teesta Setalvad

Similar Posts