< Back
India
റിലയൻസ് വൻതാര ക്കെതിരെ അന്വേഷണത്തിന് സുപ്രിംകോടതി; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും
India

റിലയൻസ് 'വൻതാര' ക്കെതിരെ അന്വേഷണത്തിന് സുപ്രിംകോടതി; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും

Web Desk
|
26 Aug 2025 8:55 AM IST

ഗുജറാത്ത് ജാംനഗറിലെ വൻതാരയിലേക്ക് മറ്റുസംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും മൃഗങ്ങളെ എത്തിച്ചതിൽ നിയമലംഘനമുണ്ടോ എന്ന് സംഘം അന്വേഷിക്കും

ന്യൂഡൽഹി: റിലയൻസ് ഫൗണ്ടേഷന്റെ വന്യജീവി സംരക്ഷണ പുനരധിവാസ കേന്ദ്രമായ 'വൻതാര'യ്‌ക്കെതിരെ അന്വേഷണത്തിന് സുപ്രിംകോടതി ഉത്തരവ്. സുപ്രിംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. ഗുജറാത്ത് ജാംനഗറിലെ വൻതാരയിലേക്ക് മറ്റുസംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും മൃഗങ്ങളെ എത്തിച്ചതിൽ നിയമലംഘനമുണ്ടോ എന്ന് സംഘം അന്വേഷിക്കും.

വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുക. അഭിഭാഷകൻ ജയ സുകിൻ നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് ജസ്റ്റിസ് പങ്കജ് മിത്തൽ, പ്രസന്ന ബി. വരാലെ എന്നിവരുടെ ബെഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

ജൂലൈയിൽ കോലാപൂരിലെ ക്ഷേത്രത്തിൽ നിന്നും മഹാദേവി എന്നു പേരുള്ള ആനയെ വൻതാരയിൽ എത്തിച്ചതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രിംകോടതിയിൽ ഹരജി ഫയൽ ചെയ്തത്.

ഉത്തരാഖണ്ഡ്,തെലങ്കാന മുൻ ചീഫ് ജസ്റ്റിസ് രാഗവേന്ദ്ര ചൗഹാൻ, മുംബൈയിലെ മുൻ പൊലീസ് കമ്മീഷണർ ഹേമന്ദ് നാഗരാലെ, അഡീഷണൽ കമ്മീഷണർ അനീഷ് ഗുപ്ത തുടങ്ങിയവരും പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമാകും. എത്രയും വേഗം അന്വേഷണം നടത്താനും സെപ്റ്റംബർ 12നകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശം നൽകി.

വന്യജീവികളുടെ കയറ്റുമതിയും ഇറക്കുമതിയും കൂടാതെ വൻതാര സ്ഥിതി ചെയ്യുന്ന സ്ഥലം, പ്രജനനം, മൃഗക്ഷേമത്തിനായുള്ള മാനദണ്ഡങ്ങൾ, വെറ്റിനറി പരിചരണം, നിയമത്തിലെ വ്യത്യസ്ത വ്യവസ്ഥകളിലെ ലംഘനം, മൃഗങ്ങളുടെയോ മൃഗവസ്തുക്കളുടെയോ വ്യാപാരം തുടങ്ങിയ നിരവധി കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടും.

ഇത് കൂടാതെ, ഹരജികളിൽ ആരോപിക്കുന്ന സാമ്പത്തിക നടപടി ക്രമങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ പരാതികളിലും അന്വേഷണം നടത്തും.

Similar Posts