
വഖഫ് നിയമ ഭേദഗതി; ഹരജികൾ പുതിയ ബെഞ്ചിലേക്ക്
|ജസ്റ്റിസ് ഗവായിയുടെ ബെഞ്ച് വാദം കേൾക്കും
ഡൽഹി: വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത ഹരജികളിലെ വാദം കേൾക്കൽ 15 ലേക്ക് മാറ്റി സുപ്രിം കോടതി. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടുത്ത ആഴ്ച വിരമിക്കുനതിനാലാണ് കേസ് മാറ്റിയത്. കഴിഞ്ഞ സിറ്റിങ്ങിൽ പുറത്തിറക്കിയ ഇടക്കാല ഉത്തരവ് നിലനിൽക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.
ഉപയോഗം വഴി വഖഫ് ആയത് മാറ്റം വരുത്തുന്നത് വിലക്കിയും വഖഫ് കൗൺസിലിലേക്കും ബോർഡുകളിലേക്കും നിയമനം മരവിപ്പിച്ചുമുള്ള ഇടക്കാല ഉത്തരവ് നിലനിർത്തിയാണ് ഹരജികൾ മാറ്റിയത് . വരുന്ന 13 ന് ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും സഞ്ജീവ് ഖന്ന വിരമിക്കുകയാണ് . 14ന് ജസ്റ്റിസ് ബി.ആർ ഗവായ് , പുതിയ ചീഫ് ജസ്റ്റിസ് ആയി ചുമതല ഏറ്റെടുക്കും . ചുരുങ്ങിയ സമയത്തിനുള്ളിൽ വാദം കേട്ട് ഉത്തരവിറക്കുക ദുഷ്കരമായതിനാലാണ് അടുത്ത ബെഞ്ചിലേക്ക് മാറ്റാനുള്ള താൽപര്യം ചീഫ് ജസ്റ്റിസ് അറിയിച്ചത്. കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ,മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ ,അഭിഷേക് മനു സിംഗ്‌വി എന്നിവർ ഈ അഭിപ്രായത്തോട് യോജിച്ചതോടെയാണ് ഹരജികൾ മാറ്റാൻ കളമൊരുങ്ങിയത്.
വഖഫ് ഭേദഗതി നിയമത്തെ അനുകൂലിച്ചു ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് ,അസം ,ഉൾപ്പെടെ സംസ്ഥാനങ്ങൾ സുപ്രിം കോടതിയിൽ എത്തിയിരുന്നു.നിയമത്തെ തുറന്നു എതിർത്തെങ്കിലും നിയമപരമായി ചോദ്യം ചെയ്യാൻ കേരളം തയാറായിട്ടില്ല.