< Back
India
ഗുജറാത്തില്‍ 21 കോടി രൂപ ചെലവിൽ നിർമിച്ച കൂറ്റൻ ജലസംഭരണി ഉദ്ഘാടനത്തിന് മുമ്പ് തകർന്നടിഞ്ഞു
India

ഗുജറാത്തില്‍ 21 കോടി രൂപ ചെലവിൽ നിർമിച്ച കൂറ്റൻ ജലസംഭരണി ഉദ്ഘാടനത്തിന് മുമ്പ് തകർന്നടിഞ്ഞു

റിഷാദ് അലി
|
22 Jan 2026 7:35 AM IST

സൂറത്ത് ജില്ലയിലെ 33 ഗ്രാമങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ച പദ്ധതിയാണ് തകർന്നത്

സൂറത്ത്: ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ 21 കോടി രൂപ ചെലവിൽ നിർമ്മിച്ച വാട്ടർ ടാങ്ക് ഉദ്ഘാടനത്തിന് മുമ്പ് തന്നെ തകർന്നുവീണു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.

സൂറത്ത് ജില്ലയിലെ 33 ഗ്രാമങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ച പദ്ധതിയാണ് തകർന്നത്. നിലവാരമില്ലാത്ത വസ്തുക്കൾ കൊണ്ടാണ് ടാങ്ക് നിർമിച്ചതെന്നും വൻ അഴിമതിയാണ് ഇതിൽ നടന്നതെന്നും നാട്ടുക്കാർ ആരോപിച്ചു.

സംസ്ഥാനത്തെ ഗേപാഗ്ല ഗ്രൂപ്പ് ജലവിതരണ പദ്ധതി പ്രകാരമുള്ള മാണ്ഡ്വി താലൂക്കിലെ തഡ്കേശ്വർ ഗ്രാമത്തിലാണ് ടാങ്ക് തകർന്നത്. ജനുവരി 19ന് പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം നിറയ്ക്കുന്നതിനിടെ 15 മീറ്റർ ഉയരവും 11 ലക്ഷം ലിറ്റർ ശേഷിയുമുള്ള വാട്ടർ ടാങ്ക് തകർന്നുവീഴുകയായിരുന്നു. അവശിഷ്ടങ്ങളിൽ നിന്ന് സിമന്റ് പാളികൾ അടർന്നു വീണു. ചെലവ് ചുരുക്കുന്നതിനും ഫണ്ട് തട്ടിയെടുക്കുന്നതിനുമായി കരാറുകാരൻ മെറ്റീരിയലിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്തതായി ഗ്രാമവാസികൾ ആരോപിച്ചു.

ജയന്തി സ്വരൂപ് എന്ന ഏജൻസിക്കാണ് കരാർ നൽകിയത്. സംസ്ഥാന ഭരണകൂടത്തിന് വലിയ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ഗുജറാത്ത് പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് നടപടികൾ ആരംഭിക്കുകയും ചെയ്തു. കരാറുകാരും സർക്കാർ ഉദ്യോഗസ്ഥനും അടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴുസംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്. തുടർന്നാണ് കരാറുകാരടക്കം ഏഴുപേരെ അറസ്റ്റ് ചെയ്തത്.

ജലവിതരണ വകുപ്പിലെ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എൻജിനീയർ ജയ് സോമാഭായ് ചൗധരിയും കേസിൽ പ്രതിയാണ്. ഇദ്ദേഹം ഒളിവിലാണ്.

Similar Posts