< Back
India
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു
India

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു

Web Desk
|
6 Jan 2026 9:24 AM IST

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ മുൻ പ്രസിഡന്റായിരുന്നു

ന്യൂഡല്‍ഹി: മുൻ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു.81 വയസായിരുന്നു.പൂനെയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ഇന്ന് വൈകീട്ട് 3.30 ന് നടക്കും.

കേന്ദ്ര റെയിൽവേ സഹമന്ത്രിയായി സുരേഷ് കൽമാഡി സേവനമനുഷ്ഠിച്ചിട്ടുണ്ട്, കൂടാതെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ (ഐഒഎ) മുൻ പ്രസിഡന്റുമായിരുന്നു.ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ എരന്ദ്‌വാനയിലെ കൽമാഡി ഹൗസിൽ പൊതുദര്‍ശനം നടത്തും. പൂനെയിലെ നവി പേട്ടിലുള്ള വൈകുണ്ഠ് സ്മാശൻഭൂമിയിലാണ് സംസ്കാരം.

2010 ലെ കോമൺ‌വെൽത്ത് ഗെയിംസ് അഴിമതി കേസുമായി ബന്ധപ്പെട്ട് അദ്ദേഹം അന്വേഷണത്തിന് വിധേയനായിരുന്നു.ഗെയിംസ് ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് അഴിമതി നിരോധന നിയമപ്രകാരം കൽമാഡിക്കെതിരെ കേസെടുത്തിരുന്നു.. 2011 ഏപ്രിലിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു, തുടർന്ന് കോൺഗ്രസ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ്, കൽമാഡി 1964 മുതൽ 1972 വ്യോമസേനയിൽ പൈലറ്റായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.1974 ൽ സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.

Similar Posts