< Back
India
ഇത് മോദിയോട് പോയി പറയൂ; ഭയാനകമായ അനുഭവം വിവരിച്ച് കശ്മീർ ഭീകരാക്രമണത്തിലെ അതിജീവിത
India

'ഇത് മോദിയോട് പോയി പറയൂ'; ഭയാനകമായ അനുഭവം വിവരിച്ച് കശ്മീർ ഭീകരാക്രമണത്തിലെ അതിജീവിത

Web Desk
|
22 April 2025 8:22 PM IST

തന്റെ കൺമുമ്പിൽ വെച്ച് ഭർത്താവിനെ ഭീകരർ കൊലപ്പെടുത്തിയെന്ന് പല്ലവി

ജമ്മുകശ്‌മീർ: ഭീകരാക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി ആക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശിയുടെ ഭാര്യ. ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹൽഗാമിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു കർണാടകയിലെ ശിവമോഗ സ്വദേശി മഞ്ജുനാഥും ഭാര്യ പല്ലവിയും മകനും. ഉച്ചയോടെ തന്റെ കൺമുമ്പിൽ വെച്ച് ഭർത്താവിനെ ഭീകരർ കൊലപ്പെടുത്തിയെന്ന് പല്ലവി പറഞ്ഞു.

“ഞങ്ങൾ മൂന്ന് പേർ - ഞാനും എന്റെ ഭർത്താവും മകനും കശ്മീരിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് 1.30 ഓടെയാണ് അത് സംഭവിച്ചത്. ഞങ്ങൾ പഹൽഗാമിലായിരുന്നു. എന്റെ കൺമുന്നിൽ വെച്ച്, അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇത് ഇപ്പോഴും ഒരു മോശം സ്വപ്നം പോലെ തോന്നുന്നു,” പല്ലവി പറഞ്ഞു. നാട്ടുകാരാണ് തന്നെ രക്ഷിച്ചതെന്നും പല്ലവി പറഞ്ഞു.

"മൂന്ന് നാട്ടുകാരാണ് എന്നെ രക്ഷിച്ചത്. മൂന്നോ നാലോ പേർ ഞങ്ങളെ ആക്രമിച്ചു. എന്റെ ഭർത്താവിനെ കൊന്നില്ലേ, എന്നെയും കൊല്ലൂ എന്ന് ഞാൻ അവരോട് പറഞ്ഞു. നിന്നെ ഞങ്ങൾ കൊല്ലില്ല, ഇത് പോയി മോദിയോട് പറയൂ എന്നാണവർ മറുപടി പറഞ്ഞത്," പല്ലവി വിവരിച്ചു.

ജമ്മുകശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണത്തിൽ ഭീകരർ വെടിയുതിർത്തത് മതം ചോദിച്ചതിന് ശേഷമെന്ന് ദൃക്‌സാക്ഷി പറഞ്ഞിരുന്നു. അക്രമികളെത്തിയത് സൈനിക വേഷത്തിലാണെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ജമ്മു കശ്മീരിൽ നിന്ന് വെടിയേറ്റുവെന്ന് പറയുന്ന മലയാളിയുടെ ശബ്ദസന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Similar Posts