< Back
India
Sword in hand, man tries to kidnap woman he raped from her wedding venue
India

ബലാത്സം​ഗത്തിനിരയാക്കിയ 22കാരിയെ വിവാഹദിനത്തിൽ വാളുമായെത്തി തട്ടിക്കൊണ്ടുപോവാൻ യുവാവിന്റെ ശ്രമം

Web Desk
|
1 Jun 2024 4:10 PM IST

പ്രതി മുമ്പ് യുവതിയെ ഭീഷണിപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു.

ഭോപ്പാൽ: മുമ്പ് താൻ ബലാത്സം​ഗത്തിന് ഇരയാക്കിയ യുവതിയെ വിവാഹദിനത്തിൽ വാളുമായെത്തി വീടാക്രമിച്ച് തട്ടിക്കൊണ്ടുപോവാൻ യുവാവിന്റെ ശ്രമം. മധ്യപ്രദേശിലെ അശോക്‌നഗർ ജില്ലയിലാണ് സംഭവം.

22കാരിയായ യുവതിയെയും വീട്ടുകാരെയുമാണ് കാലു എന്ന സലിം ആക്രമിച്ചത്. സലിം മുമ്പ് യുവതിയെ ഭീഷണിപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ ഇയാൾക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്.

എന്നാൽ, കഴിഞ്ഞദിവസം യുവതിയുടെ കല്യാണ ദിവസം സലിമും മൂന്ന് കൂട്ടാളികളും ഇവിടെയെത്തി വീട് അടിച്ചുതകർത്തു. വാളുമായാണ് ഇയാൾ 22കാരിയുടെ വീട്ടിലെത്തിയത്. കൂട്ടാളികളുടെ കൈയിൽ ഇരുമ്പ് വടികളും വാക്കത്തിയും ഉണ്ടായിരുന്നു.

അക്രമികൾ യുവതിയെ റോഡിലേക്ക് വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചു. ഇത് കണ്ട് സംഭവസ്ഥലത്ത് നാട്ടുകാർ തടിച്ചുകൂടിയതോടെ അക്രമികൾ യുവതിയെ ഉപേക്ഷിച്ച് ബൈക്കിൽ കടന്നുകളയുകയായിരുന്നു.

സംഭവം നടന്ന് ആറ് മണിക്കൂറിന് ശേഷം യുവതിയുടെയും പിതാവിൻ്റേയും പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ രണ്ട് എഫ്ഐആറുകൾ പൊലീസ് രജിസ്റ്റർ ചെയ്തു.

Similar Posts