
ഡൽഹിയിലെ ബുൾഡോസർരാജ്; കോടതിയെ സമീപിക്കാൻ സയിദ് ഇലാഹി മസ്ജിദ് കമ്മിറ്റി
|ജുമാ നമസ്കാരത്തിനായി വിശ്വാസികൾ ഇന്ന് പള്ളിയിലെത്തിയേക്കും
ന്യൂഡൽഹി: ഹൈക്കോടതിയിൽ ഹരജി നിലനിൽക്കുമ്പോൾ കെട്ടിടങ്ങൾ പൊളിച്ചതിനെതിരെ കോടതിയെ സമീപിക്കാൻ സയിദ് ഇലാഹി മസ്ജിദ് കമ്മിറ്റി. പുലർച്ചെ കെട്ടിട്ടം പൊളിച്ചതും കോടതിയെ അറിയിക്കും. പൊലീസിനെ കല്ലെറിഞ്ഞതിൽ അറസ്റ്റിലായ അഞ്ചു പേരെ 13 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജുമാ നമസ്കാരത്തിനായി വിശ്വാസികൾ ഇന്ന് പള്ളിയിലെത്തിയേക്കും.
സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ചികിത്സ നൽകിയിരുന്ന ഡിസ്പെൻസറിയും സൗജന്യമായി വിവാഹങ്ങൾ നടത്തിയിരുന്ന ഹോളും പൊളിച്ചു നീക്കിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആയിരിക്കും കോടതിയെ വീണ്ടും സമീപിക്കുക. കോടതിയും എംസിഡിക്ക് നോട്ടീസ് അയച്ചതിന് പിന്നാലെ തിടുക്കപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചതും കോടതിയിൽ ചോദ്യം ചെയ്യും.
അതേസമയം വിവാഹ ഹാളിന്‍റെ പൊളിക്കൽ തുടരുകയാണ്. ഹാൾ പൂർണമായും പൊളിച്ചു അവശിഷ്ടങ്ങൾ നീക്കാനാണ് ശ്രമം. പൊളിക്കൽ മൂന്നു ദിവസം പിന്നിട്ടു. പ്രദേശം പൂർണമായി അടച്ചാണ് നടപടി. എല്ലാ വഴിയിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. റാപ്പിഡ് ആക്ഷൻ ഫോഴ്സും പ്രദേശത്തുണ്ട്. സ്ഥലത്ത് മുതിർന്ന ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ എല്ലാ കടകളും അടഞ്ഞുകിടക്കുകയാണ്.
ജുമാ നമസ്കാരത്തിനായി ഉച്ചയോടെ വിശ്വാസികൾ എത്തിയേക്കും. അതിനായി സൗകര്യം ഒരുക്കുമെന്നാണ് വിവരം. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. മുപ്പതോളം പേരെയാണ് പൊലീസ് തെരയുന്നത്.