< Back
India
മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂർ റാണ എൻഐഎ ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ലെന്ന് റിപ്പോർട്ട്‌
India

മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂർ റാണ എൻഐഎ ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ലെന്ന് റിപ്പോർട്ട്‌

Web Desk
|
12 April 2025 7:45 AM IST

റാണയുടെ പാകിസ്താന്‍ ബന്ധങ്ങൾ, ഡേവിഡ് കോൾമാൻ ഹെഡ്‌ലിക്ക്‌ ഇന്ത്യയിൽ സഹായം നൽകിയത് ആര് എന്നതടക്കമുള്ള ചോദ്യങ്ങൾ എന്‍ഐഎ സംഘം ഉന്നയിച്ചു

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. ചോദ്യം ചെയ്യലിനോട് റാണ കൃത്യമായി പ്രതികരിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.

റാണയുടെ പാകിസ്താന്‍ ബന്ധങ്ങൾ, ഡേവിഡ് കോൾമാൻ ഹെഡ്‌ലിക്ക്‌ ഇന്ത്യയിൽ സഹായം നൽകിയത് ആര് എന്നതടക്കമുള്ള ചോദ്യങ്ങൾ എന്‍ഐഎ സംഘം ഉന്നയിച്ചു. അതീവ സുരക്ഷാ സെല്ലില്‍ പാര്‍പ്പിച്ചിരിക്കുന്ന തഹാവൂര്‍ ഹുസൈന്‍ റാണെയെ 12 എന്‍ഐഎ ഉദ്യോഗസ്ഥർ ചേർന്നാണ് ചോദ്യം ചെയുന്നത്.

2019ലാണ് പാകിസ്താന്‍ വംശജനും കനേഡിയന്‍ പൗരനുമായ തഹാവൂര്‍ റാണയെ കൈമാറണെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അമേരിക്കക്ക് അപേക്ഷ നല്‍കിയത്. റാണക്കെതിരായ തെളിവുകളും കൈമാറി. അതേസമയം ഇന്ത്യയില്‍ എത്തിയാല്‍ തന്നെ പീഡിപ്പിക്കുമെന്ന് റാണ യുഎസ് സുപ്രിംകോടതിയില്‍ വാദിച്ചിരുന്നു.

എന്നാല്‍ അപേക്ഷ തള്ളിയ അമേരിക്കന്‍ സുപ്രിംകോടതി 2025 ജനുവരി 25നാണ് റാണയെ ഇന്ത്യക്ക് കൈമാറാന്‍ അനുമതി നല്‍കിയത്. 2008ല്‍ മുംബൈ ഭീകരാക്രമണം നടക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ റാണ മുംബൈയില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. റാണ, ഇന്ത്യ വിട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ഭീകരാക്രമണം നടന്നത്. ഭീകരബന്ധക്കേസില്‍ 2009ല്‍ ഷിക്കാഗോയില്‍ അറസ്റ്റിലായ റാണ, യുഎസിലെ ലൊസാഞ്ചലസ് ജയിലിലായിരുന്നു.

Related Tags :
Similar Posts