< Back
India
മോദിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവം; പ്രതികരണവുമായി ട്വിറ്റർ
India

മോദിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവം; പ്രതികരണവുമായി ട്വിറ്റർ

Web Desk
|
12 Dec 2021 3:15 PM IST

ഹാക്കിങ്ങിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനായി കേന്ദ്രസർക്കാരിന്റെ ടീം പ്രവർത്തനം തുടങ്ങിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ട്വിറ്റർ. മോദിയുടെ അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി ട്വിറ്റർ അധികൃതർ അറിയിച്ചു.

'ഞങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോൾ തന്നെ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് സുരക്ഷിതമാക്കാൻ ഞങ്ങളുടെ സംഘം ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ മറ്റ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി സൂചനയൊന്നുമില്ല'- ട്വിറ്റർ വക്താവിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

അതേസമയം ഹാക്കിങ്ങിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനായി കേന്ദ്രസർക്കാരിന്റെ ടീം പ്രവർത്തനം തുടങ്ങിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഹാക്കറെ കുടുക്കാൻ പ്രവർത്തിക്കുന്നത്.

ഞായറാഴ്ച പുലർച്ചെയാണ് പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. സംഭവം ശ്രദ്ധയിൽപെട്ടതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ട്വിറ്ററിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ട്വിറ്റർ അക്കൗണ്ട് പുനസ്ഥാപിച്ചു. ഇന്ത്യ ഔദ്യോഗികമായി ബിറ്റ്‌കോയിൻ അംഗീകരിച്ചു. സർക്കാർ ഔദ്യോഗികമായി 500 ബിറ്റ് കോയിൻ വാങ്ങുകയും രാജ്യത്തെ എല്ലാ പൗരൻമാർക്കും വിതരണം ചെയ്യുമെന്നാണ് ഹാക്കർ ട്വീറ്റ് ചെയ്തത്.

Related Tags :
Similar Posts