< Back
India
Taliban diplomat to take charge of Afghan embassy in New Delhi
India

ഡൽഹിയിലെ അഫ്ഗാൻ എംബസിയിലേക്ക് നയതന്ത്ര പ്രതിനിധിയെ നിയമിച്ച് താലിബാൻ; ഉടൻ ചുമതലയേറ്റെടുക്കും

ഷിയാസ് ബിന്‍ ഫരീദ്
|
10 Jan 2026 11:28 AM IST

നിലവിലെ ജീവനക്കാരും മുൻ ഭരണകൂടത്തിന്റെ പതാകയും തത്കാലം എംബസിയിൽ തുടരും.

ന്യൂഡൽഹി: ഡൽഹിയിലെ അഫ്​ഗാൻ എംബസിയിലേക്ക് നയതന്ത്ര പ്രതിനിധിയെ നിയമിച്ച് താലിബാൻ. അഫ്​ഗാനിൽ അധികാരമേറ്റ് നാല് വർഷം പിന്നിടുമ്പോഴാണ് ഇന്ത്യയിലെ എംബസിയിലേക്ക് താലിബാൻ നയതന്ത്രജ്ഞനെ നിയമിക്കുന്നത്. അഫ്ഗാൻ- താലിബാൻ വിദേശകാര്യ മന്ത്രാലയത്തിലെ (എംഎഫ്എ) ഫസ്റ്റ് പൊളിറ്റിക്കൽ ഡിവിഷൻ ഡയറക്ടർ ജനറലായ മുഫ്തി നൂർ അഹമ്മദ് നൂറിനെയാണ് എംബസിയിലേക്ക് നിയമിച്ചത്.

ഡൽഹിയിലെ താലിബാൻ എംബസിയിലേക്ക് നിയമിതനായ ആദ്യ നയതന്ത്രജ്ഞൻ ഇന്ത്യയിലെത്തിയതായും ഉടൻ ചുമതലയേറ്റെടുക്കുമെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഒക്ടോബറിൽ അഫ്​ഗാൻ- താലിബാൻ വിദേശകാര്യമന്ത്രി ആമിർഖാൻ മുത്തഖി ഇന്ത്യ സന്ദർശിക്കുകയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത ശേഷമാണ് ഇന്ത്യയും അഫ്ഗാൻ ഭരണകൂടവും തമ്മിൽ ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്. അന്ന് മുത്തഖിയോടൊപ്പം നൂറും ഇന്ത്യയിലെത്തിയിരുന്നു. എന്നാൽ, നൂർ ഇതുവരെ ഔദ്യോഗിക നിയമന കത്തുകൾ കൈമാറിയിട്ടില്ല.

അതേസമയം, നിലവിലെ ജീവനക്കാരും മുൻ ഭരണകൂടത്തിന്റെ പതാകയും തത്കാലം ഡൽഹിയിലെ ശാന്തിപഥിലെ എംബസിയിൽ തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, താലിബാൻ പ്രതിനിധി അടുത്ത ആഴ്ച എംബസിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതോടെ ഇതിൽ മാറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

2023 ഏപ്രിലിൽ ഡൽഹിയിൽ ചാർജ് ഡി അഫയേഴ്‌സിനെ നിയമിക്കാനുള്ള താലിബാൻ ശ്രമം എംബസി ജീവനക്കാർ എതിർത്തതോടെ പരാജയപ്പെട്ടിരുന്നു. തുടർന്ന്, മുംബൈയിലെ കോൺസുലേറ്റിലേക്ക് തങ്ങളുടെ നോമിനിയായി ഇക്രാമുദ്ദീൻ കാമിലിനെ താലിബാൻ നിയമിച്ചു. കൂടാതെ, മുമ്പ് മുൻ ഘനി സർക്കാർ അയച്ച ഹൈദരാബാദിലെ കോൺസുൽ ജനറൽ മുഹമ്മദ് ഇബ്രാഹിം ഖിൽ ഡൽഹിയിലെ ചാർജ് ഡി അഫയേഴ്‌സായും ചുമതലയേറ്റിരുന്നു.

ഇബ്രാഹിം ഖിൽ ഇനി ഹൈദരാബാദിലേക്ക് മടങ്ങുമോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. മറ്റൊരു താലിബാൻ പ്രതിനിധി ഹബീബുർ റഹ്മാൻ അഫ്താബിന് ഹൈദരാബാദ് കോൺസുലേറ്റിന്റെ ചുമതല കൈമാറിയിട്ടുണ്ട്. കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ മാറ്റങ്ങളെക്കുറിച്ച് തങ്ങളെ അറിയിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നൂറിനെ സ്വീകരിക്കാനായി മുംബൈ, ഹൈദരാബാദിൽ കോൺസുൽമാർ നിലവിൽ ഡൽഹിയിലാണ്.

അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് മുത്തഖിയുമായുള്ള കൂടിക്കാഴ്ചയിൽ എസ്. ജയശങ്കർ പറഞ്ഞിരുന്നു. ഇന്ത്യയുമായുള്ള സഹകരണം അഫ്​ഗാന്റെ ദേശീയ വികസനത്തിനും പ്രാദേശിക സ്ഥിരതയ്ക്കും പ്രതിരോധശേഷിക്കും ​ഗുണേകുന്നതാണ്. അഫ്ഗാന്റെ പരമാധികാരം, പ്രാദേശിക സമഗ്രത, സ്വാതന്ത്ര്യം എന്നിവയിൽ ഇന്ത്യ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വിശദമാക്കിയിരുന്നു.

സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ വർധിപ്പിക്കുമെന്നും ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ഇടപെടലുകളും കൈമാറ്റങ്ങളും വർധിപ്പിക്കണമെന്നും അഫ്​ഗാൻ താലിബാൻ വിദേശകാര്യമന്ത്രി പ്രതികരിച്ചിരുന്നു. മുത്തഖിയുടെ സന്ദർശത്തിന് ആഴ്ചകൾക്ക് ശേഷം, നവംബറിൽ അഞ്ച് ദിവസത്തെ സന്ദർശനത്തിനായി താലിബാൻ മന്ത്രി നൂറുദ്ദീൻ അസീസിയും ഇന്ത്യയിലെത്തിയിരുന്നു.

Similar Posts