
താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രിക്കൊപ്പം | Photo - X/@MEAIndia
അഫ്ഗാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖി ഇന്ത്യയിലേക്ക്
|താലിബാൻ ഭരണം ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണിത്
ന്യൂഡല്‍ഹി: അഫ്ഗാനിസ്താന്‍ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി ഇന്ത്യ സന്ദർശിക്കും. ഈ മാസം 9ന് മന്ത്രി ഡൽഹിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
താലിബാൻ ഭരണം ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. ഇതോടെ ഇന്ത്യ-താലിബാൻ ബന്ധത്തിന് പുതിയ തുടക്കമാകുമെന്നാണ് സൂചന.
ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതി ഏര്‍പ്പെടുത്തിയ ഉപരോധത്തെത്തുടര്‍ന്ന് യാത്രാ വിലക്ക് നേരിടുന്നതിനാല്‍, കഴിഞ്ഞ മാസം ന്യൂഡല്‍ഹി സന്ദര്‍ശിക്കാനിരുന്ന മുത്തഖിയുടെ യാത്ര റദ്ദാക്കിയിരുന്നു. സെപ്റ്റംബര്‍ 30ന്, യാത്രാ വിലക്കില്‍ സുരക്ഷാ സമിതി ഇളവ് നല്‍കി.
ഇതനുസരിച്ച് ഒക്ടോബര്‍ 9നും16നും ഇടയില്‍ മുത്തഖിക്ക് ന്യൂഡല്‍ഹി സന്ദര്‍ശിക്കാമെന്നും യുഎന്‍ പ്രസ്താവനയില്‍ പറയുന്നു.
താലിബാന്‍ പ്രതിനിധിയുമായുളള കൂടിക്കാഴ്ചക്ക് ഇന്ത്യ നേരത്തെ തന്നെ ഒരുങ്ങുന്നതായാണ് വിവരം. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഉൾപ്പെടെയുള്ള ഇന്ത്യൻ ഉദ്യോഗസ്ഥർ മുത്തഖിയുമായും മറ്റ് താലിബാൻ നേതാക്കളുമായും ദുബൈ പോലുള്ള നിഷ്പക്ഷ സ്ഥലങ്ങളിൽ വെച്ച് കണ്ടിരുന്നു. കഴിഞ്ഞ മെയില്‍ പാകിസ്താനെതിരായ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിന് ശേഷം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മുത്തഖിയുമായി ഫോണില്‍ സംസാരിച്ചിരുന്നു, 2021 ന് ശേഷമുള്ള ആദ്യത്തെ മന്ത്രിതല ബന്ധം കൂടിയായിരുന്നു അത്.
ആ സംഭാഷണത്തിനിടെ, പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചതിന് താലിബാനോട് ജയ്ശങ്കർ നന്ദി പറയുകയും അഫ്ഗാൻ ജനതയുമായുള്ള ഇന്ത്യയുടെ പരമ്പരാഗത സൗഹൃദം വീണ്ടും ഉറപ്പിക്കുകയും ചെയ്തിരുന്നു.