< Back
India
ബിജെപി നേതാവ് അണ്ണാമലൈ സമ്മാനിച്ച മെഡൽ കഴുത്തിലണിയാതെ ഡിഎംകെ മന്ത്രിയുടെ മകൻ
India

ബിജെപി നേതാവ് അണ്ണാമലൈ സമ്മാനിച്ച മെഡൽ കഴുത്തിലണിയാതെ ഡിഎംകെ മന്ത്രിയുടെ മകൻ

Web Desk
|
27 Aug 2025 12:34 PM IST

തമിഴ്‌നാട് വ്യവസായ മന്ത്രി ടി.ആർ.ബി രാജയുടെ മകൻ സൂര്യ രാജ ബാലുവാണ് അണ്ണാമലൈ നൽകിയ മെഡൽ കഴുത്തിലണിയാതെ കയ്യിൽ വാങ്ങിയത്

ചെന്നൈ: ബിജെപി നേതാവ് കെ. അണ്ണാമലൈ സമ്മാനിച്ച മെഡൽ കഴുത്തിലണിയാൻ വിസമ്മതിച്ച് ഡിഎംകെ നേതാവിന്റെ മകൻ. 51-ാമത് സംസ്ഥാന ഷൂട്ടിംഗ് ഗെയിംസിലെ പുരസ്‌കാര വിതരണച്ചടങ്ങിലാണ് സംഭവം. തമിഴ്‌നാട് വ്യവസായ മന്ത്രി ടി.ആർ.ബി രാജയുടെ മകൻ സൂര്യ രാജ ബാലുവാണ് അണ്ണാമലൈ നൽകിയ മെഡൽ കഴുത്തിലണിയാതെ കയ്യിൽ വാങ്ങിയത്.

അണ്ണാമലൈയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. വിജയികൾക്ക് പുരസ്‌കാര വിതരണം നടത്തുന്നതിനിടെയാണ് സൂര്യയും അവിടെ എത്തിയത്. സൂര്യയുടെ കഴുത്തിലേക്ക് മെഡൽ ഇടാൻ ശ്രമിക്കുന്നതിനിടെയാണ് വേണ്ടെന്ന് പറഞ്ഞു കയ്യിൽ വാങ്ങിയത്. എന്നാൽ അണ്ണാമലൈ ഇതിനോട് ഒരു തരത്തിലും പ്രതികരിച്ചില്ല. മാത്രമല്ല, സുര്യയെയും മറ്റ് കുട്ടികളെയും കൂടെനിർത്തി ഫോട്ടോയെടുക്കുകയും ചെയ്തു.

തമിഴ്‌നാട്ടിൽ രണ്ടാഴ്ച മുൻപും സമാനമായ സംഭവം നടന്നിരുന്നു. തിരുനെൽവേലിയിലെ മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ 32-ാമത് ബിരുദദാന ചടങ്ങിൽ, വിദ്യാർത്ഥിനിയായ ജീൻ ജോസഫ് ഗവർണർ ആർഎൻ രവിയിൽ നിന്നും ബിരുദം വാങ്ങാതെ വൈസ് ചാൻസലറിൽ നിന്നാണ് ബിരുദം സ്വീകരിച്ചത്. ഡിഎംകെയുടെ നാഗർകോവിൽ ഡെപ്യൂട്ടി സെക്രട്ടറി എം.രാജന്‍റെ ഭാര്യയാണ് ജീൻ ജോസഫ്. ഗവർണറുടെ തമിഴ്നാട് വിരുദ്ധ നിലപാടിനെതിരെയുള്ള പ്രതിഷേധമായാണ് തന്‍റെ തീരുമാനമെന്നായിരുന്നു ജീൻ ജോസഫിന്‍റെ പ്രതികരണം.

Similar Posts