
'ഹിന്ദി അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല'; സുപ്രധാന നിയമനിർമാണത്തിനൊരുങ്ങി തമിഴ്‌നാട്
|ഭരണഘടനാവിരുദ്ധമായി ഒന്നും ചെയ്യില്ലൈന്നും എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന് എതിരാണെന്നും മുതിർന്ന ഡിഎംകെ നേതാവ് ടി.കെ.എസ് ഇളങ്കോവൻ പറഞ്ഞു
ചെന്നൈ: സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കുന്നത് തടയാൻ സുപ്രധാന നിയമനിർമാണത്തിനൊരുങ്ങി തമിഴ്‌നാട് സർക്കാർ. നിയമനിർമാണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാത്രി നിയമവിദഗ്ധരുടെ അടിയന്തരയോഗം ചേർന്നതായി തമിഴ്‌നാട് സർക്കാറുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹിന്ദി ഹോർഡിങ്ങുകൾ, ബോർഡുകൾ, സിനിമകൾ, പാട്ടുകൾ തുടങ്ങിയവ തമിഴ്‌നാട്ടിൽ നിരോധിക്കാൻ ലക്ഷ്യമിടുന്നതാണ് ബിൽ എന്നാണ് വിവരം. അതേസമയം, നിയമം ഭരണഘടനക്ക് അനുസൃതമായിരിക്കും. ഭരണഘടനാവിരുദ്ധമായി ഒന്നും ചെയ്യില്ലൈന്നും എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന് എതിരാണെന്നും മുതിർന്ന ഡിഎംകെ നേതാവ് ടി.കെ.എസ് ഇളങ്കോവൻ പറഞ്ഞു.
സർക്കാർ നീക്കത്തിനെതിരെ ബിജെപി രംഗത്തെത്തി. വിഡ്ഢിത്തവും അസംബന്ധവുമായ നീക്കമാണ് സർക്കാർ നടത്തുന്നതെന്നും ഭാഷയെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കരുതെന്നും ബിജെപി നേതാവ് വിനോജ് സെൽവം പറഞ്ഞു. വിവാദമായ ഫോക്‌സ്‌കോൺ നിക്ഷേപ പ്രശ്‌നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഡിഎംകെ ഹിന്ദി വിവാദം ഉയർത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു.