< Back
India
Tamil Nadu college student gang raped by three men near airport
India

കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപം കോളജ് വിദ്യാർഥിനിയെ മൂന്ന് പേർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം​ഗം ചെയ്തു

Web Desk
|
3 Nov 2025 12:09 PM IST

മോഷ്ടിച്ച ബൈക്കിലെത്തിയാണ് പ്രതികൾ പെൺകുട്ടിയെ ആക്രമിച്ചതും ബലാത്സം​ഗം ചെയ്തതുമെന്ന് പൊലീസ് പറ‍ഞ്ഞു.

ചെന്നൈ: തമിഴ്നാട് കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപം കോളജ് വിദ്യാർഥിനിയെ മൂന്ന് പേർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം ​ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവം. ആൺസുഹൃത്തിനെ വിളിക്കാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം.

കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ വിദ്യാർഥിനി ആൺസുഹൃത്തിനൊപ്പം കാറിൽ ഇരിക്കുമ്പോൾ മൂന്ന് യുവാക്കളെത്തി ആക്രമിക്കുകയായിരുന്നു. ആൺ സുഹൃത്തിനെ ക്രൂരമായി മർദിച്ച ശേഷം പെൺകുട്ടിയെ പിടിച്ചുവലിച്ച് പുറത്തിറക്കിയ പ്രതികൾ അവിടെനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സം​ഗം ചെയ്ത ശേഷം വഴിയിൽ ഉപേക്ഷിച്ചു.

മോഷ്ടിച്ച ബൈക്കിലെത്തിയാണ് പ്രതികൾ പെൺകുട്ടിയെ ആക്രമിച്ചതും ബലാത്സം​ഗം ചെയ്തതുമെന്ന് പൊലീസ് പറ‍ഞ്ഞു. സുഹൃത്ത് അറിയിച്ചതുപ്രകാരം സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ്, റോഡരികിൽ അബോധാവസ്ഥയിൽ കിടന്ന പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു.

'ലൈംഗികാതിക്രമം നടന്നിട്ടുണ്ട്. അതിജീവിത ചികിത്സയിലാണ്. പ്രതികൾക്കായി ഏഴ് പ്രത്യേക സംഘങ്ങൾ തിരച്ചിൽ നടത്തുന്നുണ്ട്. എന്തെങ്കിലും വഴിത്തിരിവ് ഉണ്ടായാലുടൻ മാധ്യമങ്ങളെ അറിയിക്കും'- മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഭവത്തിൽ, പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബിജെപിയടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രം​ഗത്തെത്തിയിട്ടുണ്ട്.

Similar Posts