< Back
India
വിവാഹം കഴിക്കുന്നതിനെ ചൊല്ലി തർക്കം; അച്ഛൻ മകനെ വെട്ടിക്കൊന്നു
India

വിവാഹം കഴിക്കുന്നതിനെ ചൊല്ലി തർക്കം; അച്ഛൻ മകനെ വെട്ടിക്കൊന്നു

Web Desk
|
18 Dec 2021 11:38 AM IST

തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചി ജില്ലയിലാണ് സംഭവം


വിവാഹം കഴിക്കുന്നതിനെകുറിച്ചുള്ള തർക്കത്തെ തുടർന്ന് പിതാവ് മകനെ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചി ജില്ലയിൽ കേശവൻ (65) മകനായ ശിവമണി(30) യെയാണ് വെട്ടിക്കൊന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. കൂലിവേലക്കാരായ കേശവനും ഭാര്യ പളനിയമ്മാളിനും മൂന്ന് മക്കളാണ് .മൂത്ത രണ്ടു പെൺമക്കളുടെയും വിവാഹം നേരത്തെ കഴിഞ്ഞിരുന്നു. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ശിവമണി കഴിഞ്ഞ വർഷം മുതൽ നാട്ടിലാണ്.

തനിക്ക് വിവാഹം കഴിക്കണമെന്ന ആവശ്യം ശിവമണി കേശവനോട് സൂചിപ്പിച്ചിരുന്നു. ഇതുമായി പലപ്പോഴും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായാണ് സൂചന. കഴിഞ്ഞ ദിവസം രാത്രി മദ്യപിക്കുകയായിരുന്ന ഇരുവരും വീണ്ടും ഇതേകുറിച്ച് സംസാരിക്കുകയും വാക്കുതർക്കമുണ്ടാകുകയും ചെയ്തു. വിദേശത്ത് ജോലി ചെയ്ത മൂന്ന് വർഷം കുടുംബത്തിലേക്ക് അയച്ച പണത്തെ ചൊല്ലിയും തർക്കമുണ്ടായി. പ്രകോപിതനായ കേശവൻ കോടാലി ഉപയോഗിച്ച് ശിവമണിയെ വെട്ടിക്കൊല്ലുകയായിരുന്നു. കരച്ചിൽ കേട്ട് അയൽവാസികളെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന ശിവമണിയെയാണ് കണ്ടത്. ഉടൻ ഉളുന്ദൂർ പേട്ടസർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.സംഭവം നടന്ന ഉടൻ കേശവന് ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Related Tags :
Similar Posts