< Back
India
സര്‍ക്കാര്‍ ജോലി നഷ്ടമാകുമെന്ന് ഭയം; മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട് ദമ്പതികൾ

representative image

India

സര്‍ക്കാര്‍ ജോലി നഷ്ടമാകുമെന്ന് ഭയം; മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട് ദമ്പതികൾ

Web Desk
|
2 Oct 2025 3:21 PM IST

കല്ലുകൾക്കടിയിൽ നിന്ന് കരച്ചിൽ കേട്ട ഗ്രാമവാസികളാണ് കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്

ഭോപ്പാൽ: സര്‍ക്കാര്‍ ജോലി നഷ്ടമാകുമെന്ന ഭയത്താല്‍ നാലാമത്തെ കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട ദമ്പതികൾ അറസ്റ്റില്‍.മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് സംഭവം നടന്നത്. മധ്യപ്രദേശില്‍ സർക്കാർ ജോലിക്കാർക്ക് രണ്ടിൽ കൂടുതൽ കുട്ടികളുണ്ടാകരുതെന്ന് ഉത്തരവുണ്ട്. മൂന്നാമത്തെ കുട്ടിയുണ്ടായാൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നും സര്‍ക്കാര്‍ ഉത്തരവുണ്ട്. ഇത് ഭയന്നാണ് സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായ ബബ്ലു ദണ്ഡോലിയ (38), ഭാര്യ രാജകുമാരി (28) എന്നിവർ കുട്ടിയെ ഉപേക്ഷിച്ചതെന്ന് പൊലീസ് പറയുന്നു.

മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ അധ്യാപകനും ഭാര്യയും ധനോര പ്രദേശത്തുള്ള കാട്ടില്‍ ജീവനോടെ കുഴിച്ചിടുകയായിരുന്നു. കല്ലുകൾക്കടിയിൽ നിന്ന് കരച്ചിൽ കേട്ട ഗ്രാമവാസികൾ കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയും കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. കുഞ്ഞിനെ കല്ലുകൾക്കടിയിൽ കുഴിച്ചിട്ടതിന്റെ വീഡിയോ പുറത്തുവന്നതോടെ ദമ്പതികൾക്കെതിരെ ഇപ്പോൾ കൊലപാതകശ്രമക്കുറ്റം ചുമത്തിയിട്ടുണ്ട്.

ദമ്പതികൾക്ക് ഇതിനകം മൂന്ന് കുട്ടികളുണ്ടെന്ന് പൊലീസ് പറയുന്നു. 11 ഉം ഏഴും വയസുള്ള പെണ്‍കുട്ടികളും നാല് വയസുള്ള മകനുമുണ്ട്.ഇതിന് പുറമെയാണ് സെപ്റ്റംബർ 23 ന് രാജ്കുമാരി ആൺകുഞ്ഞിനെ പ്രസവിച്ചത്. പ്രസവിച്ച് മൂന്നാം ദിവസം കുഞ്ഞിനെയുമെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടുകയായിരുന്നെന്നും പൊലീസ് പറയുന്നു. മൂന്നാമത്തെ കുട്ടിയെ അധ്യാപകനും ഭാര്യയും രേഖകളിൽ നിന്ന് മറച്ചുവെച്ചിരുന്നു.എന്നാല്‍ നാലാമത്തെ കുഞ്ഞിനെ രജിസ്റ്റര്‍ ചെയ്താല്‍ ബബ്ലുവിന്റെ ജോലി നഷ്ടപ്പെടുമെന്ന് അവർ ഭയപ്പെട്ടുവെന്ന് ധനോര പൊലീസ് സ്റ്റേഷന്‍ ഇൻ-ചാർജ് ലഖൻലാൽ അഹിർവാർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

എൻസിആർബി ഡാറ്റ പ്രകാരം കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നതില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് മധ്യപ്രദേശത്ത്.തുടര്‍ച്ചയായി നാലാം വര്‍ഷമാണ് മധ്യപ്രദേശ് ഒന്നാമതെത്തുന്നത്. ഇതിന് പിന്നാലെയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതിന് അധ്യാപകനും ഭാര്യയും അറസ്റ്റിലാകുന്ന വാര്‍ത്ത പുറത്ത് വരുന്നത്.

Similar Posts