
കൗണ്‍സിലര്‍മാരെ കാണാനില്ലെന്ന് ഉദ്ധവ് ടീമിൻ്റെ പരാതി; കല്യാണ്‍ കോര്‍പറേഷനില്‍ കാലുമാറ്റം തുടരുന്നു
|എംഎന്‍സിനെ ഒപ്പം നിര്‍ത്തിയതോടെ ഷിന്‍ഡെ വിഭാഗത്തിന് 58 പേരുടെ പിന്തുണയായി. ഇനിയും നാലുപേരുടെ പിന്തുണയുണ്ടെങ്കിലേ കേവലഭൂരിപക്ഷത്തിലെത്തൂ
മുംബൈ: മഹാരാഷ്ട്രയിലെ കല്യാണ്‍ ഡോംബിവ്ലി മുനിസിപ്പല്‍ കോര്‍പറേഷനില്‍ തെരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ കരുനീക്കങ്ങള്‍ തുടരുന്നു. തങ്ങളുടെ രണ്ട് കൗണ്‍സിലര്‍മാരെ കാണാനില്ലെന്ന് ശിവസേന ഉദ്ധവ് വിഭാഗം പൊലീസില്‍ പരാതി നല്‍കി. ഇവര്‍ ശിവസേന ഷിന്‍ഡെ വിഭാഗത്തോടൊപ്പം ചേര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ശിവസേന ഉദ്ധവ് വിഭാഗത്തിനൊപ്പം സഖ്യമായി മത്സരിച്ച രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) തെരഞ്ഞെടുപ്പിന് ശേഷം കല്യാണില്‍ ഷിന്‍ഡെ വിഭാഗത്തിനൊപ്പം ചേര്‍ന്നിരുന്നു. പിന്നാലെയാണ് ഉദ്ധവ് വിഭാഗം കൗണ്‍സിലര്‍മാരും മറുകണ്ടം ചാടുന്നത്.
കല്യാണ്‍ ഡോംബിവ്ലി കോര്‍പറേഷനില്‍ തെരഞ്ഞെടുപ്പിന് ശേഷം മേയര്‍ പദവിക്കായി സംസ്ഥാന ഭരണമുന്നണിയിലെ കക്ഷികള്‍ തന്നെ പരസ്പരം മത്സരിക്കുന്നതാണ് കണ്ടത്. ഷിന്‍ഡെ വിഭാഗം ശിവസേനയാണ് ഇവിടെ 53 സീറ്റുമായി വലിയ ഒറ്റക്കക്ഷിയായത്. 50 സീറ്റുമായി ബിജെപി രണ്ടാമതായി. ഉദ്ധവ് വിഭാഗം ശിവസേനക്ക് 11 സീറ്റും എംഎന്‍എസിന് അഞ്ച് സീറ്റും കോണ്‍ഗ്രസിന് രണ്ട് സീറ്റും എന്‍സിപിക്ക് ഒരു സീറ്റുമാണുള്ളത്. ബിജെപിയുമായി അധികാരം പങ്കിടാതെ ഒറ്റക്ക് മേയര്‍ സ്ഥാനം പിടിക്കാന്‍ ഷിന്‍ഡെ വിഭാഗം എംഎന്‍സിനെ ഒപ്പം കൂട്ടുകയായിരുന്നു. ഇത് ഉദ്ധവ് വിഭാഗം ശിവസേനക്ക് കനത്ത തിരിച്ചടിയായി.
122 അംഗ കോര്‍പറേഷനില്‍ 62 സീറ്റാണ് അധികാരത്തിലെത്താന്‍ ആവശ്യം. എംഎന്‍സിനെ ഒപ്പം നിര്‍ത്തിയതോടെ ഷിന്‍ഡെ വിഭാഗത്തിന് 58 പേരുടെ പിന്തുണയായി. ഇനിയും നാലുപേരുടെ പിന്തുണയുണ്ടെങ്കിലേ കേവലഭൂരിപക്ഷത്തിലെത്തൂ. അതിനായി ഉദ്ധവ് വിഭാഗത്തിലെ കൗണ്‍സിലര്‍മാരുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. ഇതിനിടെയാണ് തങ്ങളുടെ രണ്ട് കൗണ്‍സിലര്‍മാരെ കാണാനില്ലെന്ന് കാട്ടി ഉദ്ധവ് വിഭാഗം പൊലീസില്‍ പരാതി നല്‍കിയത്. ഇവര്‍ ഷിന്‍ഡെ ക്യാംപിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് രണ്ട് ഉദ്ധവ് വിഭാഗം കൗണ്‍സിലര്‍മാര്‍ കൂടി മറുകണ്ടം ചാടുമെന്ന് അഭ്യൂഹമുണ്ട്.
ഏക്‌നാഥ് ഷിന്‍ഡെയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിന്‍ഡെയാണ് കല്യാണില്‍ ശിവസേനയുടെ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ശരദ് പവാറിന്റെ എന്‍സിപിയില്‍ നിന്ന് ഒരു കൗണ്‍സിലറെയും കോണ്‍ഗ്രസില്‍ നിന്ന് രണ്ടുപേരെയും തങ്ങളുടെ ടീമിലെത്തിക്കാന്‍ നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ, ഷിന്‍ഡെ വിഭാഗത്തിന് 65 പേരുടെ പിന്തുണയാകും.