< Back
India
ഗാർഹിക പീഡനക്കേസ് കാരണം കാനഡയിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല; ഐടി ജീവനക്കാരിയെ മുൻഭർത്താവ് കുത്തി കൊലപ്പെടുത്തി
India

ഗാർഹിക പീഡനക്കേസ് കാരണം കാനഡയിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല; ഐടി ജീവനക്കാരിയെ മുൻഭർത്താവ് കുത്തി കൊലപ്പെടുത്തി

ലാൽകുമാർ
|
19 Feb 2026 11:56 AM IST

വീട്ടിൽ അതിക്രമിച്ച് കയറിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു

ഹൈദരാബാദ്: ഹൈദരാബാദിൽ ഐടി ജീവനക്കാരിയെ മുൻഭർത്താവ് കുത്തിക്കൊലപ്പെടുത്തി. ഗ്രീൻ സിറ്റിയിലെ ഒരു അപ്പാർട്ട്മെന്റിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. യുവതി മൂന്ന് മാസം ഗർഭിണിയാണെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു.

30 കാരിയായ ബി. സുനിതയെ മുൻ ഭർത്താവ് മഹേഷ് വീട്ടിൽ അതിക്രമിച്ച് കയറിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു.

2022-ലായിരുന്നു ഇവരുടെ വിവാഹം. ഇന്ത്യയിൽ വച്ചുള്ള വിവാഹത്തിന് ശേഷം ഇരുവരും കാനഡയിലേക്ക് താമസം മാറി. എന്നാൽ 2024ൽ മഹേഷുമായി സുനിത വിവാഹമോചനം നേടി. 2025 ഏപ്രിലിൽ യുവതി വീണ്ടും വിവാഹിതയായി.

മഹേഷിനെതിരെ യുവതി ഗാർഹിക പീഡന പരാതിയും നൽകിയിരുന്നു. തന്റെ അമ്മയുടെ മരണത്തിന് കാരണം കേസുകൾ മൂലമുണ്ടായ മാനസിക വിഷമമാണെന്ന് പ്രതി പറഞ്ഞു. കേസ് കാരണം ജോലിക്കായി കാനഡയിലേക്ക് മടങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇയാൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയും പാസ്‌പോർട്ട് ഉൾപ്പെടെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് പ്രതി യുവതിയുടെ വീട് കണ്ടെത്തിയത്. കൊലപാതകം ആസൂത്രണം ചെയ്യുന്നതിനായി രണ്ട് മാസം മുമ്പ് ഹൈദരാബാദിലെത്തിയ ഇയാൾ യുവതിയുടെ വീടും പരിസരവും നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇയാളുടെ കൈവശം രണ്ട് കത്തികളും ഒരു കുപ്പി പെട്രോളും ഒരു ചെയിൻസോയും അടങ്ങുന്ന ബാഗും കണ്ടെത്തി. കൊലപാതകത്തിന് ശേഷം പെട്രോൾ ഒഴിച്ച് മുറിക്ക് തീയിടുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി ശുചിമുറിയിൽ കയറി ഒളിക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തി ഇയാളെ കീഴ്‌പ്പെടുത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Similar Posts