< Back
India
Teen slapped for wearing slippers to school, dies after one month in coma in Jharkhand

Photo| Special Arrangement

India

സ്കൂളിൽ ചെരിപ്പിട്ട് വന്നതിന് വിദ്യാർഥിനിക്ക് പ്രിൻസിപ്പലിന്റെ മർദനം, ഒരു മാസം കോമയിൽ; ഒടുവിൽ ദാരുണാന്ത്യം

Web Desk
|
16 Oct 2025 4:15 PM IST

സ്കൂൾ അധികൃതർക്കെതിരെ പ്രതിഷേധവുമായി കുടുംബവും നാട്ടുകാരും രം​ഗത്തെത്തി

റാഞ്ചി: സ്കൂളിൽ ചെരിപ്പിട്ട് വന്നതിന് പ്രിൻസിപ്പൽ ഇൻ- ചാർജിന്റെ മർദനത്തെ തുടർന്ന് കോമയിലായിരുന്ന പെൺകുട്ടി മരിച്ചു. ജാർഖണ്ഡിലെ ​ഗർവ ജില്ലയിലെ ബർ​ഗഢ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണ സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ദിവ്യകുമാരിയാണ് മരിച്ചത്.

ഒരു മാസം മുമ്പ് സെപ്തംബർ 15നായിരുന്നു സംഭവം. അന്ന് രാവിലെ ഷൂസിന് പകരം ചെരിപ്പ് ധരിച്ചാണ് വിദ്യാർഥിനി അസംബ്ലിക്ക് ഹാജരായത്. ഇത് ശ്രദ്ധയിൽപ്പെട്ട പ്രിൻസിപ്പൽ ഇൻ-ചാർജ് ദ്രൗപതി മിൻസ് വിളിച്ചുവരുത്തി ശകാരിക്കുകയും സ്കൂളിലെ ഡ്രസ് കോഡ് നിയമം പാലിക്കാത്തതിന് മർദിക്കുകയുമായിരുന്നു.

ഇതേ തുടർന്ന് മനോവിഷമത്തിലായ വിദ്യാർഥിനി വിഷാദരോഗം ബാധിച്ച് അവശയായി. തുടർന്ന് അവസ്ഥ കൂടുതൽ വഷളായി. ഡാൽട്ടൻഗഞ്ചിലെ ഒരു ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം, റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് റഫർ ചെയ്തു. ഇവിടെ ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു മരണം.

സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ബർ​ഗഢ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് സ്കൂൾ അധികൃതർക്കെതിരെ പ്രതിഷേധവുമായി കുടുംബവും നാട്ടുകാരും രം​ഗത്തെത്തി. പെൺകുട്ടിയുടെ മൃതദേഹവുമായി തെഹ്രി ഭണ്ഡാരിയ ചൗക്ക് റോഡ് ഉപരോധിച്ച ഇവർ സ്കൂൾ മാനേജ്മെന്റിനെതിരെ മുദ്രാവാക്യം വിളിച്ചു.

പ്രിൻസിപ്പലിന്റെ മാനസിക- ശാരീരിക പീഡനത്തെ തുടർന്നാണ് പെൺകുട്ടി മരിച്ചതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. മിൻസിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതോടെ, പൊലീസും ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഉപരോധം പിൻവലിക്കാൻ പ്രതിഷേധക്കാരോട് ആവശ്യപ്പെടുകയും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

പ്രതിഷേധത്തെ തുടർന്ന് മൂന്ന് മണിക്കൂറോളം റോഡിൽ ​ഗതാ​ഗതം തടസപ്പെട്ടു. അതേസമയം, സംഭവത്തിൽ പ്രതികരിക്കാൻ പ്രിൻസിപ്പൽ തയാറായിട്ടില്ല.

Similar Posts