< Back
India
രഹസ്യബന്ധം ചോദ്യം ചെയ്ത പതിനേഴുകാരനെ മാതാവിന്റെ കാമുകന്‍ കുത്തിക്കൊന്നു
India

രഹസ്യബന്ധം ചോദ്യം ചെയ്ത പതിനേഴുകാരനെ മാതാവിന്റെ കാമുകന്‍ കുത്തിക്കൊന്നു

Web Desk
|
6 Oct 2021 9:08 PM IST

ഗീതയെ കാണാന്‍ ശക്തിവേലു വരുന്നതിനെ നന്ദു എതിര്‍ത്തിരുന്നു. ഇത് അവഗണിച്ച് തിങ്കളാഴ്ചയും ശക്തിവേലു ഇവരുടെ വീട്ടിലെത്തി. ഇത് ചോദ്യം ചെയ്ത നന്ദുവിനെ ശക്തിവേലു അടുക്കളയിലെ കത്തിയെടുത്ത് കുത്തുകയായിരുന്നു.

രഹസ്യബന്ധം ചോദ്യം ചെയ്ത പതിനേഴുകാരനെ മാതാവിന്റെ കാമുകന്‍ കുത്തിക്കൊന്നു. അള്‍സൂര്‍ സ്വദേശിയും വിദ്യാര്‍ഥിയുമായ നന്ദുവാണ് (17) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നന്ദുവിന്റെ മാതാവ് ഗീതയേയും (37) കാമുകനായ ശക്തിവേലു (35) വിനെയും പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്.

ഗീതയെ കാണാന്‍ ശക്തിവേലു വരുന്നതിനെ നന്ദു എതിര്‍ത്തിരുന്നു. ഇത് അവഗണിച്ച് തിങ്കളാഴ്ചയും ശക്തിവേലു ഇവരുടെ വീട്ടിലെത്തി. ഇത് ചോദ്യം ചെയ്ത നന്ദുവിനെ ശക്തിവേലു അടുക്കളയിലെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ അയല്‍ക്കാര്‍ നന്ദുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

തര്‍ക്കം നടക്കുമ്പോള്‍ ഗീത ശക്തിവേലുവിനെ ന്യായീകരിച്ചെന്നും കൊലപാതകത്തില്‍ ഗീതക്കും പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായി പിരിഞ്ഞതിനു ശേഷം ഗീത നന്ദുവിനൊപ്പം മര്‍ഫി ടൗണിലെ വീട്ടിലാണ് താമസം.

സമൂഹമാധ്യമത്തിലൂടെയാണ് ഗീത ശക്തിവേലുവിനെ പരിചയപ്പെട്ടത്. ഓട്ടോ ഡ്രൈവറായ ഇയാള്‍ മോഷണം, മദ്യപിച്ചു ബഹളമുണ്ടാക്കല്‍ തുടങ്ങിയ കേസുകളില്‍ നേരത്തെ പ്രതിയായിരുന്നുവെന്ന് അള്‍സൂര്‍ പൊലീസ് പറഞ്ഞു.

Similar Posts