< Back
India
കുടുംബ കലഹത്തിൽ ലാലുവിന് മാനസിക പീഡനം നേരിട്ടോ? മോദിയും അമിത് ഷായും ഇടപെടണമെന്ന് തേജ് പ്രതാപ്‌
India

കുടുംബ കലഹത്തിൽ ലാലുവിന് മാനസിക പീഡനം നേരിട്ടോ? മോദിയും അമിത് ഷായും ഇടപെടണമെന്ന് തേജ് പ്രതാപ്‌

Web Desk
|
18 Nov 2025 4:11 PM IST

എന്‍ഡിഎയുമായി അടുക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് തേജ് പ്രതാപ് യാദവിന്റെ ആവശ്യം

പറ്റ്ന: തേജസ്വി യാദവും രോഹിണി ആചാര്യയും തമ്മിലുള്ള കുടുംബ പ്രശ്നത്തില്‍ പുതിയ ആവശ്യവുമായി നേരത്തെ കുടുംബത്തില്‍ നിന്നും പുറത്തായ തേജ് പ്രതാപ് യാദവ്.

ഇവര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ മാതാപിതാക്കള്‍ (ലാലുപ്രസാദ് യാദവ്- റാബ്രി ദേവി) എന്തെങ്കിലും തരത്തില്‍ മാനസിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് തേജിന്റെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിഹാര്‍ സര്‍ക്കാര്‍ എന്നിവരോടാണ് തേജ് പ്രതാപിന്റെ ആവശ്യം. എന്‍ഡിഎയുമായി അടുക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇങ്ങനെയൊരു ആവശ്യം.

'' എന്റെ അച്ഛൻ സുഖമില്ലാതെ കിടക്കുകയാണ്, അതിനാല്‍ തന്നെ സമ്മർദ്ദങ്ങൾ അദ്ദേഹത്തിന് താങ്ങാൻ കഴിയില്ല. എന്റെ സഹോദരി, അമ്മ, അച്ഛൻ എന്നിവരോട് ആരെങ്കിലും മോശമായി പെരുമാറുകയോ, തള്ളുകയോ, കൈയേറ്റം ചെയ്യുകയോ ഒക്കെ ചെയ്തിട്ടുണ്ടെങ്കില്‍ ഉടൻ കേസെടുത്ത് അവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും സര്‍ക്കാറിനോട് ആഭ്യര്‍ഥിക്കുന്നു''-അദ്ദേഹം പറഞ്ഞു.

ഒരു സാഹചര്യത്തിലും സഹോദരിയെ അപമാനിക്കുന്നത് സഹിക്കാനാവില്ലെന്നും തേജ് പ്രതാപ് യാദവ് എക്സിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി. തേജസ്വി യാദവിന്റെ അടുപ്പക്കാരായ സഞ്ജയ് യാദവ്, റമീസ് നെമത് ഖാൻ, പ്രീതം യാദവ് എന്നിവര്‍ക്ക് നേരെയാണ് തേജ് പ്രതാപ് വിരല്‍ ചൂണ്ടുന്നത്. അതേസമയം കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍ജെഡി എംഎല്‍എമാര്‍, തേജസ്വി യാദവിനെ വീണ്ടും പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വിയാണ് ആര്‍ജെഡിയും ഇന്‍ഡ്യ സഖ്യവും നേരിട്ടത്.

Similar Posts