
'കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരോട് ബിഹാര്‍ ജനത പൊറുക്കില്ല': രോഹിണിക്ക് പിന്തുണയുമായി സഹോദരന്‍ തേജ് പ്രതാപ് യാദവ്
|ഒരു സ്ത്രീയും മാതാവും സഹോദരിയുമെന്ന നിലക്ക് അവൾ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം പ്രശംസനീയമെന്നായിരുന്നു തേജ് പ്രതാപിന്‍റെ പ്രതികരണം.
പറ്റ്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ലാലുപ്രസാദ് യാദവിന്റെ കുടുംബത്തിലുണ്ടായ പൊട്ടിത്തെറിയില്‍ കുടുംബം വിട്ട രോഹിണി ആചാര്യയ്ക്ക് പിന്തുണയുമായി സഹോദരന്‍ തേജ് പ്രതാപ് യാദവ്. ലാലു പ്രസാദ് യാദവിന്റെ പെണ്‍മക്കളായ രാജലക്ഷ്മി, രാഗിണി, ചന്ദ എന്നിവരും കുട്ടികളോടൊപ്പം പറ്റ്‌നയിലെ വസതിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സഹോദരന്റെ പിന്തുണ.
തന്നെ അസഭ്യം പറയുകയും ചെരിപ്പൂരി എറിയുകയും ചെയ്‌തെന്ന് സോഷ്യല്‍മീഡിയയിലൂടെ രോഹിണി പങ്കുവെച്ച പോസ്റ്റിന് പിന്നാലെ തന്റെ സഹോദരിയുടെ ജീവിതം പ്രശംസ്തനീയമെന്നായിരുന്നു തേജ് പ്രതാപ് യാദവിന്റെ പ്രതികരണം.
'ഒരു സ്ത്രീയും മാതാവും സഹോദരിയുമെന്ന നിലക്ക് അവള്‍(സഹോദരി) ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെല്ലാം പ്രശംസനീയം തന്നെ. അപൂര്‍വം ചിലരുടെ ജീവിതത്തില്‍ മാത്രമേ അങ്ങനെ സംഭവിക്കാറുള്ളൂ.' തേജ് പ്രതാപ് പറഞ്ഞു. സഹോദരിയുടെ നിലപാട് കൃത്യമാണെന്നും ശരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ വൃക്ക അച്ഛന് ദാനം നല്‍കിയെന്ന രോഹിണിയുടെ പ്രസ്താവനയെ കുറിച്ച് എല്ലാ സ്ത്രീകള്‍ക്കും അതില്‍ മാതൃകയുണ്ടെന്നായിരുന്നു തേജ് പ്രതാപിന്റെ മറുപടി. സഹോദരിയെ അപമാനിക്കുന്നതിനായി ഇനി ആരെങ്കിലും ശ്രമിക്കുകയാണെങ്കില്‍ ശ്രീകൃഷ്ണന്റെ സുദര്‍ശനചക്രം അവരെ തടയുമെന്നും അദ്ദേഹം പറഞ്ഞു.
'സംഭവം തന്നെ വല്ലാതെ പിടിച്ചുലച്ചു. താങ്ങാനാവാത്ത വേദനകളാണ് സഹോദരി നേരിട്ടത്. ഈ പോരാട്ടം രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധപ്പെട്ടതല്ല. മറിച്ച്, ഒരു മകളുടെയും ബിഹാറിന്റെയും ആത്മാഭിമാനവുമായി ബന്ധപ്പെട്ടുള്ളതാണ്.' സമൂഹമാധ്യമങ്ങളിലൂടെ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരോട് ബിഹാറിലെ ജനത പൊറുക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിക്ക് പിന്നാലെയാണ് ലാലുപ്രസാദ് യാദവിന്റെ കുടുംബത്തില്‍ കലഹം രൂക്ഷമാകുന്നത്. പാര്‍ട്ടിയുടെ സീറ്റുകളുടെ എണ്ണം 75ല്‍ നിന്ന്് വെറും 25 ആയാണ് കുറഞ്ഞത്. ലാലുപ്രസാദ് യാദവിന്റെ സിംഗപ്പൂരില്‍ താമസിക്കുന്ന മകളും ഡോക്ടറുമായ രോഹിണി ആചാര്യയാണ് രാഷ്ട്രീയവും കുടുംബ ബന്ധവും ഉപേക്ഷിച്ചതായി ആദ്യം പ്രഖ്യാപിച്ചത്. 2022ല്‍ ലാലുപ്രസാദ് യാദവിന് വൃക്ക ദാനം ചെയ്ത ആചാര്യ, തന്റെ വ്യത്തികെട്ട വൃക്ക അച്ഛന് നല്‍കി തെരഞ്ഞെടുപ്പ് ടിക്കറ്റ് വാങ്ങിയതായി കുടുംബാംഗങ്ങള്‍ ആരോപിച്ചതായി രോഹിണി പറഞ്ഞിരുന്നു.