< Back
India
ഇൻഡ്യ സഖ്യത്തിലെ സീറ്റ് വിഭജനം പൂർത്തിയാകും മുമ്പെ നാമനിർദേശപത്രിക സമർപ്പിച്ച് തേജസ്വി യാദവ്‌തേജസ്വി യാദവ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു Photo: X/@yadavtejashwi
India

ഇൻഡ്യ സഖ്യത്തിലെ സീറ്റ് വിഭജനം പൂർത്തിയാകും മുമ്പെ നാമനിർദേശപത്രിക സമർപ്പിച്ച് തേജസ്വി യാദവ്‌

Web Desk
|
15 Oct 2025 5:43 PM IST

രാഘോപൂർ മണ്ഡലത്തിൽ നിന്നാണ് തേജസ്വി മത്സരിക്കുക.

പറ്റ്‌ന: 'ഇൻഡ്യ' സഖ്യത്തിലെ സീറ്റ് വിഭജനം നീണ്ടുപോകുന്നതിനിടെ നാമനിർദേശപത്രിക സമർപ്പിച്ച് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി യാദവ്. രാഘോപൂർ മണ്ഡലത്തിൽ നിന്നാണ് തേജസ്വി മത്സരിക്കുക.

ആർജെഡി ഔദ്യോഗികമായി ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇൻഡ്യ സഖ്യത്തിന്റെ സീറ്റ് വിഭജനവും എങ്ങുമെത്തിയില്ല. ഇതിനിടെയാണ് ആർജെഡി തലവനും പിതാവുമായ ലാലുപ്രസാദ് യാദവിനും മാതാവ് റാബറി ദേവിക്കും മറ്റുപ്രമുഖ നേതാക്കൾക്കുമൊപ്പം എത്തി തേജസ്വി യാദവ് പത്രിക സമർപ്പിച്ചത്. വൈശാലി ജില്ലയുടെ ആസ്ഥാനമായ ഹാജിപൂരിലെ കളക്ടറേറ്റിലാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.

ഹാട്രിക് വിജയമാണ് രാഘോപൂരിൽ നിന്നും തേജസ്വി പ്രതീക്ഷിക്കുന്നത്. ലാലുപ്രസാദ് യാദവും റാബറി ദേവിയുമോക്കെ ഇവിടെ നിന്നും ജനവിധി തേടിയിരുന്നു. ഇരുവരും മുഖ്യമന്ത്രിയാവുകയും ചെയ്തു. ഇന്‍ഡ്യ സഖ്യത്തിന്റെ സീറ്റ് വിഭജനം നാളെയോടെ പൂര്‍ത്തിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചെറു പാർട്ടികളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. തീരുമാനത്തിന് കാക്കാതെ സിപിഐ എംഎല്‍ ഏകപകക്ഷീയമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതും സഖ്യത്തെ വെട്ടിലാക്കിയിരുന്നു. വിമർശനം ഉയർന്നതിന് പിന്നാലെ പിന്‍വലിക്കുകയും ചെയ്തു.

ഇടതു പാർട്ടികൾ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതാണ് മഹാസഖ്യത്തിൽ പ്രതിസന്ധിക്ക് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കോണ്‍ഗ്രസ് ആവശ്യപ്പെടുന്ന സീറ്റുകളത്രയും നല്‍കില്ലെന്നും ആര്‍ജെഡി വ്യക്തമാക്കുന്നുണ്ട്.

Similar Posts