< Back
India
Tejashwi Yadavs Big Poll Promise For Panchayat Representatives and Self-Employed People

Photo| Special Arrangement

India

'ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ...'; പഞ്ചായത്ത് അം​ഗങ്ങൾക്കും സ്വയംതൊഴിലുകാർക്കും വമ്പൻ വാ​ഗ്ദാനവുമായി തേജസ്വി യാദവ്

Web Desk
|
26 Oct 2025 5:13 PM IST

മഹാസഖ്യത്തിൽ ഭിന്നതയുണ്ടെന്ന എൻഡിഎയുടെ ആരോപണത്തെയും തേജസ്വി തള്ളി.

പട്ന: ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ പഞ്ചായത്ത് അം​ഗങ്ങൾക്കും സ്വയംതൊഴിലുകാർക്കും വമ്പൻ വാ​ഗ്ദാനവുമായി ആർജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവ്. സംസ്ഥാനത്ത് ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ‌ക്ക് ആനുകൂല്യങ്ങൾ ഇരട്ടിയാക്കുമെന്നാണ് പ്രഖ്യാപനം.

പഞ്ചായത്തുകളിലെയും ​ഗ്രാമ കോടതികളിലേയും പ്രതിനിധികൾ പെൻഷൻ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. അവർക്ക് പെൻഷൻ ലഭ്യമാക്കാൻ ഞങ്ങൾ തീരുമാനിച്ചു. 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. പൊതുവിതരണ ശൃംഖലയുടെ ഭാഗമായി പ്രവർത്തിക്കുന്നവരുടെ ആനുകൂല്യവും വർധിപ്പിക്കും- തേജസ്വി യാദവ് പ്രഖ്യാപിച്ചു.

മൺപാത്ര നിർമാണം, കൊല്ലപ്പണി, മരപ്പണി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അവരുടെ ഉപജീവനമാർ​ഗങ്ങൾ വിപുലീകരിക്കാനായി അഞ്ച് ലക്ഷം രൂപ പലിശരഹിത വായ്പ നൽകുമെന്നും അദ്ദേഹം അറിയിച്ചു. ബിഹാർ മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്നും ആർജെഡി നേതാവ് വ്യക്തമാക്കി.

മഹാസഖ്യത്തിൽ ഭിന്നതയുണ്ടെന്ന എൻഡിഎയുടെ ആരോപണത്തെയും തേജസ്വി തള്ളി. മുകേഷ് സഹാനിയും ഞാനും ഒരുമിച്ച് പ്രചാരണം നടത്തുന്നുണ്ട്. കൂടാതെ കോൺ​ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വരും. സഖ്യത്തിന്റെ പ്രകടനപത്രിക ചർച്ച ചെയ്യാൻ യോഗം നടന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപമുഖ്യമന്ത്രി സ്ഥാനാർഥിയും വികാസ്ശീൽ ഇൻസാൻ പാർട്ടി നേതാവുമായ മുകേഷ് സഹാനിയും അദ്ദേഹത്തിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. നവംബർ ആറ്, 11 തിയതികളിലായി രണ്ട് ​ഘടങ്ങളായാണ് ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ്. 14നാണ് വോട്ടെണ്ണൽ. ആർജെഡിക്കൊപ്പം കോൺ​ഗ്രസ്, ഇടതുപാർട്ടികൾ, സഹാനിയുടെ വിഐപി എന്നിവയാണ് മഹാസഖ്യത്തിൽ അണിനിരക്കുന്നത്.

അപ്പുറത്ത്, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിനൊപ്പം ബിജെപി, ചിരാ​ഗ് പാസ്വാന്റെ എൽജെപി (രാംവിലാസ്), ഹിന്ദുസ്ഥാനി അവാം മോർച്ച, രാഷ്ട്രീയ ലോക് മോർച്ച എന്നീ പാർട്ടികളാണ് എൻഡിഎയിലുള്ളത്. എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാസഖ്യം എൻഡിഎയെ പരിഹസിച്ചിരുന്നു.

കഴിഞ്ഞദിവസം സമസ്‌തിപുരിലെയും ബെഗുസരായിലെയും പ്രസംഗങ്ങളിൽ, നിതീഷിന്റെ നേതൃത്വത്തിലാണ്‌ എൻഡിഎ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതെന്ന്‌ മാത്രമായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കണമെന്ന്‌ നിതീഷ്‌ മോദിയോടും അമിത്‌ ഷായോടും നേരിട്ട്‌ ആവശ്യപ്പെട്ടെങ്കിലും അതെല്ലാം തെരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കാമെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.

Similar Posts