< Back
India
സമ്മാനം വേണ്ട, മോദിക്കൊരു വോട്ട് മതി: വിവാഹ ക്ഷണക്കത്തില്‍ പ്രധാനമന്ത്രിക്ക് വോട്ടഭ്യര്‍ത്ഥന
India

'സമ്മാനം വേണ്ട, മോദിക്കൊരു വോട്ട് മതി': വിവാഹ ക്ഷണക്കത്തില്‍ പ്രധാനമന്ത്രിക്ക് വോട്ടഭ്യര്‍ത്ഥന

Web Desk
|
25 March 2024 5:57 PM IST

സമ്മാനങ്ങള്‍ വേണ്ടെന്നും പകരം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിക്ക് വോട്ട് ചെയ്താല്‍ മതിയെന്നുമാണ് കത്തിലുള്ളത്

ഡല്‍ഹി: തെലങ്കാനയിലെ സങ്കറെഡ്ഡി ജില്ലയില്‍ വിവാഹ ക്ഷണക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് വരന്റെ കുടുംബം. നന്ദികാന്തി നരസിംഹലു എന്നയാളാണ് മകന്റെ വിവാഹ ക്ഷണക്കത്തില്‍ മോദിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്ന കുറിപ്പ് പങ്കുവച്ചത്. സമ്മാനങ്ങള്‍ വേണ്ടെന്നും പകരം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിക്ക് വോട്ട് ചെയ്താല്‍ മതിയെന്നുമാണ് കത്തിലുള്ളത്. മോദിയുടെ ചിത്രസഹിതമാണ് കുറിപ്പ്. നരസിംഹലുവിന്റെ ഏക മകന്‍ സായി കുമാറിന്റെ വിവാഹ ക്ഷണക്കത്താണിത്.

'മോദിക്ക് ഒരു വോട്ട് നല്‍കുക എന്നതാണ് നിങ്ങള്‍ക്ക് ഞങ്ങള്‍ക്കുവേണ്ടി നല്‍കാന്‍ കഴിയുന്ന വലിയ സമ്മാനം' എന്നാണ് മോദിയുടെ ചിത്രത്തോടൊപ്പമുള്ള കുറിപ്പ്. ഇതിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിട്ടുണ്ട്.

കുടുംബമാണ് ഇങ്ങനെ ഒരു ആശയം കണ്ടെത്തിയതെന്നും അതുമായി മുന്നോട്ടു പോവുകയാണുണ്ടായതെന്നും നരസിംഹലു പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 4നാണ് കല്യാണം.

ഇതാദ്യമായല്ല വിവാഹ ക്ഷണക്കത്തില്‍ വോട്ടഭ്യര്‍ത്ഥന ഇടം പിടിക്കുന്നത്. ഉത്തരാഖണ്ഡില്‍ മകന്റെ വിവാഹക്ഷണക്കത്തില്‍ മോദിക്കു വേണ്ടി വോട്ടഭ്യര്‍ഥിച്ച ആള്‍ക്ക് ഇലക്ഷന്‍ കമ്മിഷന്‍ നോട്ടിസ് നല്‍കിയിരുന്നു.

Similar Posts