< Back
India
തെലങ്കാന ടണൽ ദുരന്തം: കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള സാധ്യത മങ്ങുന്നു
India

തെലങ്കാന ടണൽ ദുരന്തം: കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള സാധ്യത മങ്ങുന്നു

Web Desk
|
26 Feb 2025 1:18 PM IST

എട്ട് തൊഴിലാളികളാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്

ഹൈദരാബാദ്: തെലങ്കാനയിലെ നാഗർകർണൂലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള സാധ്യത മങ്ങുന്നു. ചെളി നിറഞ്ഞു കിടക്കുന്നതിനാൽ മുന്നോട്ടുപോകാൻ സാധിക്കാത്ത അവസ്ഥയിലാണ്. 8 തൊഴിലാളികളാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ബി ആർഎസ് ആവശ്യപ്പെട്ടു.

രക്ഷാപ്രവർത്തനം നാല് ദിവസം പിന്നിട്ടിട്ടും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ആശയവിനിമയം നടത്തുവാൻ സാധിച്ചിട്ടില്ല.കരസേന, നാവികസേന, എൻഡിആർഎഫ്,, റാറ്റ് മൈനേഴ്സ് അടക്കമുള്ളവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. റാറ്റ് മൈനേഴ്സ് അടക്കമുള്ള 20 അംഗസംഘം ടണലിന്റെ അവസാന 40 മീറ്റർ വരെ എത്തിയെങ്കിലും മടങ്ങുകയായിരുന്നു. ടണലിന്റെ അകത്ത് വെള്ളത്തിന്റെയും ചെളിക്കെട്ടിന്റെയും നിരപ്പ് ഉയർന്നതിനാൽ മുന്നോട്ടുപോകാൻ സാധിക്കാത്ത സാഹചര്യമാണ്. കൂടുതൽ പാറ ഇടിയാൻ സാധ്യതയുള്ളതിനാൽ കൂടുതൽ പേരെ ഈ മേഖലയിലേക്ക് പ്രവേശിപ്പിക്കുവാനും സാധിക്കുന്നില്ല. രക്ഷാ പ്രവർത്തകർക്ക് ഈ പ്രദേശത്ത് ഓക്സിജൻ കിട്ടാനും ബുദ്ധിമുട്ട് നേരിടുന്നു. രണ്ട് എൻജിനീയർമാർ, അടക്കം 8 തൊഴിലാളികളാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്.

ശനിയാഴ്ച്ച രാവിലെയാണ് മേൽക്കൂര തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങുന്നത്. രണ്ട് എഞ്ചിനിയർമാരും ആറു തൊഴിലാളികളുമാണ് കുടുങ്ങിയത്. നിർമാണപ്രവർത്തനങ്ങളെ തുടർന്ന് അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം നാലു ദിവസം മുമ്പാണ് തുറന്നത്.

Similar Posts