< Back
India
H D Kumaraswamy
India

'ആറോ ഏഴോ അല്ലല്ലോ, നാല് സീറ്റല്ലെ ചോദിച്ചുള്ളൂ'; ബി.ജെ.പിയോട് അതൃപ്തി പരസ്യമാക്കി കുമാരസ്വാമി

Web Desk
|
19 March 2024 12:04 PM IST

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ കര്‍ണാടകയില്‍ നടത്തിയ റാലികളിലേക്ക് ക്ഷണിക്കാത്തതിലും പാര്‍ട്ടിക്ക് അതൃപ്തിയുണ്ട്.

ബംഗളൂരൂ: കർണാടകയിൽ ബി.ജെ.പിയുമായുള്ള സീറ്റ് വിഭജന ചർച്ചകൾ എങ്ങുമെത്താത്തതിൽ അതൃപ്തി പ്രകടമാക്കി ജനതാദള്‍ സെക്യുലർ നേതാവ് എച്ച്.ഡി കുമാരസ്വാമി.

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത് പാർട്ടിയുടെ സാധ്യതകളെ ബാധിക്കുന്നുവെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടതായും കുമാരസ്വാമി വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ സംസ്ഥാനത്ത് നടത്തിയ റാലികളിലേക്ക് ക്ഷണിക്കാത്തതിലും പാര്‍ട്ടിക്ക് അതൃപ്തിയുണ്ട്.

“ഞാൻ ആറോ ഏഴോ സീറ്റുകള്‍ ചോദിച്ചിട്ടില്ല. ചർച്ചകൾ തുടങ്ങിയപ്പോൾ മുതൽ മൂന്നോ നാലോ സീറ്റുകളാണ് ആവശ്യപ്പെട്ടത്. അത് ബിജെപി തരുമെന്നാണ് എന്റെ വിശ്വാസം കുമാരസ്വാമി പറഞ്ഞു.അതേസമയം മൂന്നു മുതല്‍ നാല് വരെ സീറ്റുകളാണ് ജെ.ഡി.എസ് ചോദിക്കുന്നതെങ്കിലും പ്രാദേശിക പാര്‍ട്ടിയായതിനാല്‍ രണ്ട് സീറ്റ് നല്‍കാനാണ് ബിജെപി താത്പര്യപ്പെടുന്നത്.

അതിനിടെ എച്ച് ഡി ദേവഗൗഡയുടെ മരുമകനുമായ ഡോ സി എൻ മഞ്ജുനാഥിനെ ബംഗളൂരു റൂറലിൽ സ്ഥാനാർത്ഥിയായി ബി.ജെ.പി പ്രഖ്യാപിച്ചു. 2009ല്‍ കുമാരസ്വാമി ഇവിടെ നിന്നും വിജയിച്ചിരുന്നു.

അതേസമയം തങ്ങളുടെ ശക്തികേന്ദ്രങ്ങളായ ഹാസനിലും മാണ്ഡ്യയിലും ത്രികോണ മത്സരമുണ്ടായാലും ജെഡിഎസ് അനായാസം വിജയിക്കുമെന്നും കുമാരസ്വാമി പറയുന്നു. ഹാസൻ, മാണ്ഡ്യ, കോലാർ എന്നിവിടങ്ങളിൽ ഞങ്ങൾ സ്ഥാനാർത്ഥികളെ നിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോലാർ സീറ്റ് നൽകുന്നതിൽ ബിജെപിക്ക് കടുത്ത വൈമനസ്യമെന്ന് സൂചനക്ക് പിന്നാലെയാണ് ജെഡിഎസിന്റെ കടുത്ത പ്രതികരണം വരുന്നത്. സിറ്റിംഗ് എംപിയായ എസ് മുനിസാമിയെ മാറ്റാൻ ബിജെപിക്ക് താൽപ്പര്യമില്ലെന്നാണ് സൂചന.

Similar Posts