< Back
India
Thane Man Says No To Divorce Wife And Her Brother Kill Him In Forest
India

വിവാഹമോചന ആവശ്യം നിരസിച്ച ഭർത്താവിനെ കൊലപ്പെടുത്തി കത്തിച്ചു; യുവതിയും സഹോദരനും അറസ്റ്റിൽ

Web Desk
|
5 Dec 2025 12:53 PM IST

കുടുംബ കലഹങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മുംബൈ: വിവാഹമോചന ആവശ്യം നിരസിച്ച ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് റോഡരികിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവതിയും സഹോദരനുമടക്കം നാല് പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.

താനെ സ്വദേശികളായ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരൻ ഫായിസ് സാക്കിർ ഹുസൈൻ, കൂട്ടാളികളായ രണ്ട് പേർ എന്നിവരയാണ് താനെ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. നവംബർ 25നാണ്, ഹസീനയുടെ ഭർത്താവും കർണാടക ബെല്ലാരി ജില്ലയിലെ സിരു​ഗുപ്പ സ്വദേശിയുമായ ടിപ്പണ്ണയുടെ പാതി കത്തിക്കരിഞ്ഞ മൃതദേഹം മുംബൈ- നാസിക് ഹൈവേയിൽ ഷഹാപൂരിന് സമീപം കണ്ടെത്തിയത്.

കുടുംബ കലഹങ്ങളെ തുടർന്ന് ടിപ്പണ്ണയും ഹസീനയും വേർപിരിഞ്ഞു താമസിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ, ഹസീന വിവാഹമോചനം ആവശ്യപ്പെട്ടെങ്കിലും ടിപ്പണ്ണ അതിന് വിസമ്മതിച്ചു.

'വിവാഹമോചനത്തിനുള്ള പ്രതിയുടെ ആവശ്യം ടിപ്പണ്ണ നിരസിച്ചിരുന്നു. ഇതോടെ, ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും സഹായത്തോടെ ടിപ്പണ്ണയെ കൊലപ്പെടുത്താൻ ഭാര്യ പദ്ധതിയിട്ടു'- ഷഹാപൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മുകേഷ് ധാഗെ പറഞ്ഞു.

ഹിസാനയുടെ നിർദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും നവംബർ 17ന് ടിപ്പണ്ണയെ വിളിച്ചുകൊണ്ടുപോവുകയും ഷഹാപൂരിലെ വനംപ്രദേശത്തെത്തിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മൃതദേഹം കത്തിച്ച ശേഷം ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയും ചെയ്തു.

സംഭവത്തിൽ, ഭാരതീയ ന്യായ് സംഹിതയിലെ 103 (1) (കൊലപാതകം), 238 (തെളിവ് നശിപ്പിക്കൽ) എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. സഹോദരി ഹസീനയുടെ നിർദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ഫയാസ് സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

Similar Posts