
'തരൂർ സംസാരിക്കുന്നത് അദ്ദേഹത്തിന് വേണ്ടി, പാർട്ടിക്ക് ബന്ധമില്ല': കോൺഗ്രസ് വക്താവ് പവൻ ഖേര
|അദ്വാനിയെ പുകഴ്ത്തിയുള്ള കുറിപ്പിന് പിന്നാലെ തരൂരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്ത് എത്തിയിരുന്നു
ന്യൂഡല്‍ഹി: മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനിയെ പുകഴ്ത്തിയതില്‍ ശശി തരൂരിനെ 'അവഗണിച്ച്' കോണ്‍ഗ്രസ് നേതാക്കള്‍.
ശശി തരൂർ പതിവുപോലെ അദ്ദേഹത്തിനുവേണ്ടി മാത്രമാണു സംസാരിക്കുന്നതെന്നും ഈ പരാമർശങ്ങളിൽ പാർട്ടിക്കു ബന്ധമില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.
അദ്ദേഹം ഇപ്പോഴും കോൺഗ്രസ് എംപിയായും പ്രവർത്തകസമിതി അംഗമായും തുടരുന്നത് പാർട്ടിയുടെ ജനാധിപത്യ ഉദാരതയെയാണു പ്രതിഫലിപ്പിക്കുന്നതെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു
'' എല്ലായ്‌പ്പോഴും എന്നപോലെ, അദ്ദേഹത്തിന് വേണ്ടിയാണ് ശശി തരൂർ സംസാരിക്കുന്നത്. പുതിയ പ്രസ്താവനകളില്‍ കോണ്‍ഗ്രസിന് യാതൊരു ബന്ധവുമില്ല. കോൺഗ്രസ് എംപിയായും സിഡബ്ല്യുസി അംഗമായുമൊക്കെ ശശി തരൂര്‍ തുടരുന്നത് കോണ്‍ഗ്രസിന്റെ സവിശേഷമായ ജനാധിപത്യവും ലിബറൽ മനോഭാവവുമൊക്കെ കൊണ്ടാണ്''- എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പവന്‍ ഖേര പറയുന്നു.
അദ്വാനിയുടെ നീണ്ട വർഷങ്ങളുടെ സേവനം ഒറ്റ സംഭവത്തിലേക്ക് ചുരുക്കുന്നത് നീതികേടാണെന്നായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം. അദ്വാനിക്ക് ജന്മദിനാശംസകൾ നേർന്നായിരുന്നു തരൂരിന്റെ പ്രസ്താവന. അതേസമയം പ്രസ്താവനയുടെ പേരിൽ ഉയർന്ന വിമർശനങ്ങളെ തരൂര്‍ തള്ളുകയും ചെയ്തിരുന്നു.
‘പൊതുസേവനത്തിൽ അദ്ദേഹത്തിന്റെ ഇളകാത്ത പ്രതിബദ്ധത, അദ്ദേഹത്തിന്റെ എളിമയും മാന്യതയും. ആധുനിക ഇന്ത്യയുടെ ഗതി നിർണയിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കു മായ്ക്കാനാവില്ല'- അദ്വാനിക്ക് ജന്മദിനാശംസകൾ നേര്‍ന്ന് സമൂഹമാധ്യമത്തിൽ തരൂർ കുറിച്ചത് ഇങ്ങനെയായിരുന്നു. പിന്നാലെ കോൺഗ്രസ് പ്രവർത്തകരടക്കം കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.