< Back
India
തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവപ്പെട്ടവരുടെ വയറ്റത്ത് അടിച്ച നടപടി, ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
India

'തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവപ്പെട്ടവരുടെ വയറ്റത്ത് അടിച്ച നടപടി, ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി': മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Web Desk
|
27 Dec 2025 1:54 PM IST

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ആഹ്വാനം നൽകുകയും ചെയ്തു

ന്യൂഡല്‍ഹി: തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവപ്പെട്ടവരുടെ വയറ്റത്ത് അടിച്ച നടപടിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ജനാധിപത്യവും ഭരണഘടനയും വലിയ വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും മോദി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ മുതലാളിമാര്‍ക്ക് വേണ്ടിയാണെന്നും ഖാര്‍ഗെ പറഞ്ഞു. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജനാധിപത്യവും ഭരണഘടനയും നേരിട്ടുകൊണ്ടിരിക്കുന്നത് വലിയ പ്രതിസന്ധിയാണ്. തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവപ്പെട്ടവരുടെ വയറ്റത്ത് അടിച്ച നടപടിയായിരുന്നു. നടപടിയിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് ചെയ്തത്.' മോദി സര്‍ക്കാരിന്റെ തീരുമാനങ്ങളെല്ലാം മുതലാളിമാര്‍ക്ക് വേണ്ടിയാണെന്നും കേന്ദ്രനയങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഉയരണമെന്നും അദ്ദേഹം പറഞ്ഞു.

'എസ്‌ഐആര്‍ ജനാധിപത്യ അവകാശങ്ങളെ തകര്‍ക്കുന്നത്. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഗൂഢാലോടന നടത്തുകയാണ്. വോട്ടുകള്‍ ഇല്ലാതാക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പാക്കണം.' ക്രിസ്മസ് ദിനത്തിലെ ആക്രമണങ്ങള്‍ രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചെന്നും ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങളെ അപലപിക്കുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു.

തദ്ദേശതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിക്കാനും ഖാര്‍ഗെ മറന്നില്ല. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ആഹ്വാനം നല്‍കുകയും ചെയ്തു.

Similar Posts