< Back
India
congress black paper, nda white paper, UPA governments, latest malayalam news, കോൺഗ്രസ് ബ്ലാക്ക് പേപ്പർ, എൻഡിഎ ധവള പത്രം, യുപിഎ സർക്കാരുകൾ, ഏറ്റവും പുതിയ മലയാളം വാർത്തകൾ
India

ഭരണപരാജയം എണ്ണിപ്പറഞ്ഞ് ബ്ലാക്ക് പേപ്പറും യു.പി.എ സർക്കാരുകളെ പഴിചാരി ധവള പത്രവും

Web Desk
|
8 Feb 2024 6:40 PM IST

ബ്ലാക്ക് പേപ്പർ പുറത്തിറക്കിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പ്രധാന മന്ത്രി സഭയിൽ പരിഹസിച്ചു

ഡൽഹി: കഴിഞ്ഞകാല യു.പി.എ സർക്കാരുകളെ പഴിചാരി ധനമന്ത്രി നിർമല സീതാരാമൻ ധവള പത്രം പാർലമെന്റിൽ അവതരിപ്പിച്ചു. നരേന്ദ്ര മോദി സർക്കാരിൻ്റെ ഭരണപരാജയങ്ങൾ എണ്ണിപ്പറയുന്ന ബ്ലാക്ക് പേപ്പർ കോൺഗ്രസ് പുറത്ത് വിട്ടതിനു ശേഷമാണ് കേന്ദ്ര സർക്കാരിൻ്റെ ധവള പത്രം സഭയിൽ എത്തിയത്. ബ്ലാക്ക് പേപ്പർ പുറത്തിറക്കിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പ്രധാന മന്ത്രി സഭയിൽ പരിഹസിച്ചു.


തൊഴിലില്ലായ്മ ഉൾപ്പടെ രാജ്യത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അക്കമിട്ട് നിരത്തുന്നതായിരുന്നു കോൺഗ്രസ് പുറത്തിറക്കിയ ബ്ലാക്ക് പേപ്പർ. കർഷകർ, യുവാക്കൾ തുടങ്ങി വിവിധ ജന വിഭാഗങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളും ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഉള്ള കേന്ദ്ര സർക്കാർ അവഗണനയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പുറത്തിറക്കിയ ബ്ലാക്ക് പേപ്പറിൽ ഉണ്ടായിരുന്നു.


മൻമോഹൻ സിംഗ് ഉൾപ്പടെയുള്ള രാജ്യസഭാ അംഗങ്ങളുടെ യാത്രയയപ്പ് വേളയിൽ ആണ് കോൺഗ്രസ് അധ്യക്ഷനെ പ്രധാന മന്ത്രി പരിഹസിച്ചത്.മറുപടി നൽകാൻ മല്ലികാർജുൻ ഖാർഗെ ശ്രമിച്ചെങ്കിലും ചെയർമാൻ അനുമതി നൽകിയില്ല.


വൈകീട്ട് ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ധവള പത്രത്തിൽ കോൺഗ്രസിൻ്റെ ബ്ലാക്ക് പേപ്പറിന് ഉള്ള മറുപടി ഉണ്ടായിരുന്നു. യു.പി.എ ഭരണം ഇന്ത്യയെ ഏറ്റവും മോശപ്പെട്ട സമ്പദ് വ്യവസ്ഥയുള്ള അഞ്ച് രാജ്യങ്ങളുടെ നിരയിൽ കൊണ്ടെത്തിച്ചു എന്നും മോദി സർക്കാർ ഇന്ത്യയെ ഏറ്റവും വലിയ അഞ്ച് സമ്പദ് വ്യവസ്ഥകളിൽ ഒന്നാക്കി മാറ്റി എന്നും ധവള പത്രത്തിൽ കേന്ദ്രം അവകാശപ്പെട്ടു. ടുജി സ്പെക്ട്രം ഉൾപ്പടെ യുപിഎ സർക്കാരിൻ്റെ കാലത്ത് നടന്ന 15 അഴിമതികൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചു. മൂലധന നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം, രൂപയുടെ മൂല്യം, പൊതുകടം, പണപ്പെരുപ്പം തുടങ്ങി സമ്പദ് വ്യവസ്ഥയുടെ വിവിധ ഭാഗങ്ങളെ മുൻകാല യു.പി.എ സർക്കാരുമായി താരതമ്യം ചെയ്യുന്നതായിരുന്നു മോദി സർക്കാരിൻ്റെ ധവള പത്രം.

Similar Posts