
കേന്ദ്രം സംസ്ഥാനങ്ങളോട് തുല്യ നീതി കാണിക്കണം, കേരളത്തോടുള്ള വിവേചനം നീതികരിക്കാനാവില്ല; പി. സന്തോഷ് കുമാർ എംപി
|വിഷയത്തിിൽ അമിത് ഷാക്ക് തുറന്ന കത്തെഴുതുമെന്ന് സന്തോഷ് കുമാർ പറഞ്ഞു
ന്യൂഡൽഹി: വിദേശ ഫണ്ട് സ്വീകരിക്കുന്നതിൽ കേന്ദ്രത്തിന് സംസ്ഥാനങ്ങളോട് ഇരട്ട നീതിയെന്ന് സിപിഐ പാർലമെന്ററി പാർട്ടി ലീഡർ പി. സന്തോഷ് കുമാർ എംപി. കേന്ദ്രം സംസ്ഥാനങ്ങളോട് തുല്യ നീതി കാണിക്കണമെന്നും കേരളത്തോടുള്ള വിവേചനം നീതികരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
2018ലെ പ്രളയകാലത്ത് കേരളത്തിനുള്ള വിദേശ സഹായം തടയുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ നിഷേധിക്കുകയും ചെയ്തു. എന്നാൽ കേന്ദ്ര സർക്കാർ അടുത്തിടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദേശ സഹായം അനുവദിച്ചു. ഇത് കേരളത്തോട് കാണിച്ച അനീതിയാണെന്ന് സന്തോഷ് കുമാർ ചൂണ്ടിക്കാണിച്ചു. വിഷയത്തിിൽ അമിത് ഷാക്ക് തുറന്ന കത്തെഴുതുമെന്നും സന്തോഷ് കുമാർ പറഞ്ഞു.
സുതാര്യത ഉറപ്പു വരുത്തേണ്ടത് കേന്ദ്ര സർക്കാരാണ്. ആ കാരണം പറഞ്ഞ് ഒരു സംസ്ഥാനത്തിന് ഫണ്ട് നിഷേധിക്കാൻ പാടില്ല. മഹാരാഷ്ട്രയുടെ ശക്തമായ സമ്മർദത്തിന് വഴങ്ങിയാണ് ഇത് ചെയ്തത്. രാഷ്ട്രീയ വിവേചനമാണ് കേന്ദ്രം കാണിക്കുന്നതെന്ന് സന്തോഷ് കുമാർ കൂട്ടിച്ചേർത്തു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റേത് ശക്തനായ സ്ഥാനാർഥിയാണെന്നും എം. സ്വരാജ് വിജയിക്കുമെന്നും സന്തോഷ് കുമാർ പറഞ്ഞു. ജനങ്ങൾ പുതിയൊരു തെരഞ്ഞെടുപ്പ് ആഗ്രഹിച്ചിരുന്നില്ല. അൻവർ മാധ്യമ സഹായത്തോടെ മാത്രം നിൽക്കുന്ന ആളാണ്. വഴിയെ പോയ ആളെയാണ് ബിജെപി സ്ഥാനാർഥിയാക്കിയത്. ഒരു വെടിക്ക് രണ്ടോ മൂന്നോ പക്ഷികൾ ഒരുമിച്ച് തീരുമെന്നും അദ്ദേഹം വ്യക്തമാക്കി.