< Back
India
കോവിഡ് ഭീഷണി അവസാനിച്ചിട്ടില്ല; മുന്നറിയിപ്പുമായി പ്രധാനമന്ത്രി
India

കോവിഡ് ഭീഷണി അവസാനിച്ചിട്ടില്ല; മുന്നറിയിപ്പുമായി പ്രധാനമന്ത്രി

Web Desk
|
27 April 2022 2:23 PM IST

കോവിഡിനെ പ്രതിരോധിക്കാൻ വാക്‌സിൻ മാത്രമാണ് മാർഗമെന്നും വാക്‌സിനേഷൻ ഊർജിതമാക്കണമെന്നും മോദി വ്യക്തമാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ഭീഷണി അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടാഴ്ചയായി കോവിഡ് കേസുകളിൽ വർധനവുണ്ടായിട്ടുണ്ട്. കോവിഡിനെ പ്രതിരോധിക്കാൻ വാക്സിൻ മാത്രമാണ് മാർഗമെന്നും വാക്സിനേഷൻ ഊർജിതമാക്കണമെന്നും മോദി വ്യക്തമാക്കി. രാജ്യത്തെ കോവിഡ് സാഹചര്യം മുഖ്യമന്ത്രിമാരുമായുളള യോഗത്തിൽ പ്രധാനമന്ത്രി വിലയിരുത്തി.

ഒമിക്രോണും പുതിയ വകഭേദവുമാണ് ഇപ്പോഴുള്ള കേസുകൾക്ക് കാരണം. ആറ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആർ.ടി.പി.സി.ആർ പരിശോധനയിൽ വ്യതിയാനം കണ്ടെത്തിയാൽ ജനിതക പരിശോധനക്കയക്കണം. ആശുപത്രി കിടക്കകളും, വെന്റിലേറ്ററുകളും, ഓക്സിജനും ഉറപ്പാക്കണമന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞു.

അതേസമയം, കേരളത്തിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴയീടാക്കും. മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. പൊതു സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും യാത്ര ചെയ്യുമ്പോഴും മാസ്ക് ധരിക്കണം. മാസ്ക് ധരിച്ചില്ലെങ്കിൽ ദുരന്ത നിവാരണ നിയമപ്രകാരം പിഴയീടാക്കുമെന്നാണ് സർക്കാർ അറിയിപ്പ്.

Similar Posts