
ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിർമാണത്തിലിരുന്ന പള്ളി പൊളിച്ചുമാറ്റി ജില്ലാ ഭരണകൂടം
|പള്ളി പൊളിക്കുന്നതിന് മുമ്പ് ഒരു നോട്ടീസും നൽകിയിട്ടില്ലെന്ന് സഹാറൻപൂരിൽ നിന്നുള്ള കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് പറഞ്ഞു
ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിർമ്മാണത്തിലിരുന്ന പള്ളി ജില്ലാ പഞ്ചായത്ത് ഭരണകൂടം പൊളിച്ചുമാറ്റി. നകുർ ബ്ലോക്കിലെ ഭോജ്പൂർ ഗ്രാമത്തിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസമായി നിർമാണം നിർത്തിവച്ചിരിക്കുകയായിരുന്നു. മുൻകൂർ അറിയിപ്പ് കൂടാതെയാണ് അധികൃതർ പള്ളി പൊളിച്ചുമാറ്റിയതെന്ന് പ്രാദേശിക മുസ്‌ലിങ്ങൾ പറഞ്ഞു. പള്ളി പൊളിക്കുന്നതിന് മുമ്പ് എസ്‌ഡിഎം ഒരു നോട്ടീസും നൽകിയിട്ടില്ലെന്ന് സഹാറൻപൂരിൽ നിന്നുള്ള കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് പറഞ്ഞു. 1863ലെ മതപരമായ എൻഡോവ്‌മെന്റ് നിയമത്തിൽ ഒരു മതപരമായ ഘടന നിർമ്മിക്കുന്നതിന് അനുമതി ആവശ്യപ്പെടുന്ന ഒരു വ്യവസ്ഥയും അടങ്ങിയിട്ടില്ലെന്നും അദ്ദേഹം പരാമർശിച്ചു.
ഭൂപട അംഗീകാരത്തിന്റെയും മറ്റ് നടപടിക്രമങ്ങളുടെയും അഭാവം ചൂണ്ടിക്കാട്ടി എസ്എച്ച്ഒ നേരത്തെ പള്ളി നിർമാണം നിർത്തിവച്ചിരുന്നുവെന്ന് ഭോജ്പൂർ ഗ്രാമപഞ്ചായത്തിലെ മുൻ പ്രധാൻ വാജിദ് അലി പറഞ്ഞതായി മക്തൂബ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. ഗ്രാമവാസികൾ പള്ളിയുടെ അംഗീകാരത്തിനായി ജില്ലാ പഞ്ചായത്ത് ചെയർമാനെ സമീപിച്ചെങ്കിലും അദ്ദേഹം അത് നിരസിക്കുകയും അത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തനിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ജില്ലാ മജിസ്ട്രേറ്റിനെ (ഡിഎം) സമീപിക്കാൻ അവരോട് ഉപദേശിച്ചു. 2025 ഫെബ്രുവരിയിൽ നാട്ടുകാർ ഡിഎം ഓഫീസിൽ ഒരു അപേക്ഷ സമർപ്പിച്ചു. ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചില്ലെങ്കിലും ജില്ലാ പഞ്ചായത്തിലെ മുഖ്യ അധികാരിയുമായി (എഎംഎ) സംസാരിക്കാൻ ഡിഎം വാക്കാൽ നിർദ്ദേശിച്ചു. 'ഇതൊരു ചെറിയ മതഘടനയാണ്; നിങ്ങൾക്ക് ഇത് തുടർന്നും നിർമിക്കാം.' ഡിഎം പറഞ്ഞതായി മക്തൂബ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ മെയ് 29ന് രാവിലെ 11 മണിയോടെ എസ്ഡിഎം സദർ സുബോധ് കുമാർ എഎസ്പി മനോജ് യാദവ്, ജില്ലാ പഞ്ചായത്ത് ജെഇ അദേഷ് കുമാർ എന്നിവരും മറ്റ് നിരവധി ഉദ്യോഗസ്ഥരും മൂന്ന് ബുൾഡോസറുകളുമായി നിർമാണ സ്ഥലത്തെത്തി. കനത്ത പൊലീസിന്റെയും ആർആർഎഫ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പള്ളി പൊളിച്ചുമാറ്റി. പൊളിക്കുന്നതിന് മുമ്പ് എസ്.ഡി.എം തങ്ങൾക്ക് ഒരു നോട്ടീസും നൽകിയിരുന്നില്ലെന്ന് വാജിദ് അലി ആരോപിച്ചു. 'പള്ളി നിർമ്മാണത്തിന് അധികാരികളിൽ നിന്ന് അനുമതി ലഭിച്ചിട്ടില്ലാത്തതിനാൽ നിർമാണം നിയമവിരുദ്ധമായിരുന്നു. നിർമാണം നിർത്താൻ അധികൃതർ അവർക്ക് നോട്ടീസ് നൽകിയിരുന്നു. പക്ഷേ അവർ അത് പാലിച്ചില്ല. ഇന്ന് (മെയ് 29) ജില്ലാ പഞ്ചായത്ത് പൊലീസിന്റെ സഹായത്തോടെ പള്ളി പൊളിച്ചുമാറ്റി.' എസ്ഡിഎം സുബോധ് കുമാർ ഒരു മാധ്യമ പ്രസ്താവനയിൽ പറഞ്ഞു. എപ്പോഴാണ് നോട്ടീസ് നൽകിയത് എന്ന ചോദ്യത്തിന് എസ്ഡിഎം മറുപടി നൽകിയില്ലെന്നും മക്തൂബ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.