< Back
India
The minimum marriageable age for women will be 21; Himachal Pradesh passed the bill, latest news malayalam സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 21ആകും; ബിൽ പാസാക്കി ഹിമാചൽ പ്രദേശ്
India

സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 21ആകും; ബിൽ പാസാക്കി ഹിമാചൽ പ്രദേശ്

Web Desk
|
28 Aug 2024 7:12 PM IST

സ്ത്രീകളുടെ വിവാഹപ്രായം വർധിപ്പിക്കുന്നതോടെ അവസരങ്ങളും വർധിക്കുമെന്ന് സർക്കാർ

ഭോപ്പാൽ: സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്താനുള്ള ബിൽ പാസാക്കി ഹിമാചൽ പ്രദേശ്. സംസ്ഥാന ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ധനി റാം ഷാൻഡിൽ അവതരിപ്പിച്ച ബിൽ ശബ്ദവോട്ടോടെയാണ് സഭ പാസാക്കിയത്. ശേഷം ഗവർണർ ശിവ് പ്രതാപ് ശുക്ലയുടെ അനുമതിക്കായി അയക്കും. 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിന്റെ ഭേദഗതിയും ബിൽ മുന്നോട്ട് വെക്കുന്നുണ്ട്. നിലവിലെ നിയമപ്രകാരം സ്ത്രീകൾക്ക് 18 വയസും പുരുഷന്മാർക്ക് 21മാണ് വിവാഹ ചെയ്യാനുള്ള കുറഞ്ഞ പ്രായം.

ലിംഗസമത്വം ഉറപ്പാക്കുന്നതിനും അവസരങ്ങൾ വർധിപ്പിക്കുന്നതിനും സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം വർധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് നിയമസഭയിൽ ബിൽ അവതരിപ്പിക്കവെ ഷാൻഡിൽ പറഞ്ഞു. ചെറിയ പ്രയാത്തിലുള്ള വിവാഹങ്ങൾ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ജീവിത പുരോഗതിക്കും തടസ്സമാണെന്നും നേരത്തെയുള്ള ഗർഭധാരണവും മാതൃത്വവും അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ഷാൻഡിൽ സഭയിൽ പറഞ്ഞു.

സ്ത്രീകളുടെ താൽപ്പര്യങ്ങൾ നിറവേറ്റുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും അതിന്റെ തുടർച്ചയാണ് ബിൽ എന്നും മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു പറഞ്ഞു. ബിൽ പാസാക്കിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി വർധിപ്പിക്കാൻ നിയമം കൊണ്ടുവരുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ഹിമാചൽ പ്രദേശ് എന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെ പിന്തുണച്ച് പ്രതിപക്ഷമായ ബിജെപിയും രംഗത്തുവന്നു. നാടിന് അനിവാര്യമായ ബില്ല് സുപ്രധാന മുന്നേറ്റമാണെന്ന് ബിജെപി എംഎൽഎ റീന കശ്യപ് പറഞ്ഞു.

ശൈശവ വിവാഹ നിരോധന (ഭേദഗതി) ബിൽ 2021, എന്ന പേരിൽ സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 21 വയസ്സായി വർധിപ്പിക്കുന്നതിന് 2021 ഡിസംബറിൽ കേന്ദ്ര സർക്കാർ ബിൽ അവതരിപ്പിച്ചിരുന്നു. ഇത് കൂടുതൽ ചർച്ചയ്ക്കായി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് അയച്ചെങ്കിലും ജൂൺ അഞ്ചിന് പതിനേഴാം ലോക്സഭ പിരിച്ചുവിട്ടതോടെ ബിൽ അസാധുവായി.

Similar Posts