
ഇന്ത്യയിൽ ഉള്ളി പൂർണമായും നിരോധിച്ച ഒരേയൊരു നഗരം; കാരണമറിയാം
|ജമ്മു കശ്മീരിലെ കത്റയാണ് ഇന്ത്യയിൽ ഉള്ളിയും വെളുത്തുള്ളിയും പൂർണമായും നിരോധിച്ചിട്ടുള്ള ഏക നഗരം
കത്റ: ഇന്ത്യയിലെ ഭക്ഷണശീലങ്ങൾ ഓരോ പ്രദേശത്തിനും അനുസരിച്ച് വ്യത്യസ്തമാണ്. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം, ഭൂമിശാസ്ത്രം, കാലാവസ്ഥ എല്ലാം പരിഗണിച്ചാണ് നമ്മുടെ ഭക്ഷണ ശീലങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നത്. എത്ര തന്നെ വ്യത്യാസം ഭക്ഷണത്തിൽ പുലർത്തുമ്പോഴും മിക്കവാറും എല്ലാ ഇന്ത്യൻ അടുക്കളകളിലും സാധാരണമായ ഒന്നാണ് ഉള്ളി. എന്നാൽ ഒരു തരത്തിലുള്ള ഉള്ളിയും അതിന്റെ ചെറിയ ഒരു അംശം പോലും അനുവദനീയമല്ലാത്ത ഒരു സ്ഥലമുണ്ട് ഇന്ത്യയിൽ. ജമ്മു കശ്മീരിലെ കത്റയാണ് രാജ്യത്ത് ഉള്ളിയും വെളുത്തുള്ളിയും പൂർണമായും നിരോധിച്ചിട്ടുള്ള ഏക നഗരം.
ഇവിടെ ഉള്ളിയും വെളുത്തുള്ളിയും കൃഷി ചെയ്യാനോ വിൽക്കാനോ അനുവാദമില്ല. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിൽ പോലും അവ കണ്ടെത്താൻ കഴിയില്ല. പരിപ്പ്, പച്ചക്കറികൾ മുതൽ സാലഡുകൾ, ചട്ണികൾ വരെ ഇന്ത്യൻ അടുക്കളയിലെ ഒരു പ്രധാന ചേരുവയാണ് ഉള്ളി. എന്നാൽ ഇവിടെ ഉള്ളി വളർത്തുന്നതും വിൽക്കുന്നതും കഴിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു.
മലനിരകളിലൂടെ ഏകദേശം 14 കിലോമീറ്റർ നീളമുള്ള വൈഷ്ണോ ദേവി തീർത്ഥാടനത്തിന്റെ ആരംഭ പോയിന്റാണ് കത്റ. തീർത്ഥാടന മേഖലയുടെ പവിത്രത സൂക്ഷിക്കുന്നതിന് വേണ്ടിയാണ് എല്ലാത്തരം ഉള്ളിയും വെളുത്തുള്ളിയും ഇവിടെ ഒഴിവാക്കിയിരിക്കുന്നത്. ഹിന്ദു തത്ത്വചിന്തയിൽ ഉള്ളിയും വെളുത്തുള്ളിയും തമസിക് ഭക്ഷണങ്ങളായി കാണുന്നു. അവ മനസിലും ശരീരത്തിലും അലസത, കോപം, നെഗറ്റീവ് സ്വാധീനങ്ങൾ എന്നിവ വർധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇക്കാരണത്താൽ, പ്രാർഥിക്കുമ്പോഴോ ഉപവസിക്കുമ്പോഴോ ആചാരങ്ങൾ അനുഷ്ഠിക്കുമ്പോഴോ അവ കഴിക്കാൻ കഴിയില്ല. ഈ കാരണത്താലാണ് ഈ പ്രദേശത്ത് ഉള്ളിയും വെളുത്തുള്ളിയും പൂർണമായും ഒഴിവാക്കിയത്.