< Back
India

India
ലക്ഷദ്വീപിൽ പണ്ടാര ഭൂമി സർവേക്കെത്തിയ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ തടഞ്ഞു
|3 July 2024 12:34 PM IST
ആന്ത്രോത്ത്, കവരത്തി ദ്വീപുകളിലാണ് പ്രതിഷേധം
കവരത്തി: ലക്ഷദ്വീപിൽ പണ്ടാര ഭൂമി സർവേക്കെത്തിയ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ തടഞ്ഞു. ആന്ത്രോത്ത്, കവരത്തി ദ്വീപുകളിലാണ് പ്രതിഷേധം. ഭൂ ഉടമകളുടെ അനുവാദം ഇല്ലാതെ സർവേ പാടില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. കോൺഗ്രസിന്റെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജലാലുദ്ദീൻ കോയയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ദ്വീപുകളിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധ പ്രകടനമാണ് നടക്കുന്നത്.
പണ്ടാര ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷദ്വീപ് ഭരണകൂടം ഒരുങ്ങുമ്പോൾ കൂട്ടക്കുടിയൊഴുപ്പിക്കലിനാണ് കളമൊരുങ്ങുന്നത്. 3117 വീടുകളും, നിരവധി ആരാധനാലയങ്ങളും ഉൾപ്പെടെ ഒട്ടേറെ കെട്ടിടങ്ങൾ ഒഴിപ്പിക്കപ്പെടും. ഒന്നരലക്ഷം തെങ്ങുകളും മുറിച്ചു മാറ്റേണ്ടിവരും. എന്നാൽ അർഹമായ നഷ്ടപരിഹാരം ലഭിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.