< Back
India
വാർഷിക ശമ്പളം 2.6 കോടി മുതൽ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന 10 കമ്പനികൾ
India

വാർഷിക ശമ്പളം 2.6 കോടി മുതൽ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന 10 കമ്പനികൾ

ജെയ്സി തോമസ്
|
27 Feb 2026 1:16 PM IST

ലോകമെമ്പാടുമുള്ള പ്രൊഫഷണലുകൾക്കായി നിർമിച്ച ഒരു അജ്ഞാത സോഷ്യൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്‌ഫോമാണ് ബ്ലൈൻഡ്

ഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന പത്ത് കമ്പനികളുടെ ലിസ്റ്റ് പുറത്തുവിട്ട് പ്രൊഫഷണലുകളുടെ അജ്ഞാത നെറ്റ്‍വര്‍ക്കായ ബ്ലൈൻഡ്. അടിസ്ഥാന ശമ്പളം, ബോണസ്, ഇക്വിറ്റി (ഓഹരികൾ) എന്നിവയുൾപ്പെടെയുള്ള ശരാശരി മൊത്തം പ്രതിഫലത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോർട്ട്.

പട്ടികയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് മെറ്റയാണ്. ഏകദേശം 2.6 കോടി രൂപയാണ് മെറ്റയിലെ ശമ്പളം. ബ്രോഡ്കോം, ആപ്പിൾ എന്നിവ തൊട്ടുപിന്നാലെയുണ്ട്.

1,മെറ്റ (Meta)-₹2.4 - ₹2.6 കോടി,സോഷ്യൽ മീഡിയ / AI

2,ബ്രോഡ്കോം (Broadcom)-₹1.7 - ₹1.8 കോടി,സെമി കണ്ടക്ടർ / സോഫ്റ്റ്‌വെയർ

3,ആപ്പിൾ (Apple)-₹1.6 - ₹1.7 കോടി,കൺസ്യൂമർ ടെക്

4,ആമസോൺ (Amazon)-₹1.0 - ₹1.05 കോടി,ഇ-കോമേഴ്‌സ് / ക്ലൗഡ്

5,ഊബർ (Uber)-₹92 - ₹95 ലക്ഷം,മൊബിലിറ്റി / ടെക്

6,ഗൂഗിൾ (Google)-₹90 - ₹94 ലക്ഷം,സെർച്ച് / AI

7,ലിങ്ക്ഡ്ഇൻ (LinkedIn)-₹90 - ₹93 ലക്ഷം,പ്രൊഫഷണൽ നെറ്റ്‌വർക്കിങ്

8,എഎംഡി (AMD)-₹85 - ₹88 ലക്ഷം,ചിപ്പ് നിർമ്മാണം

9,അറ്റ്ലാസിയൻ (Atlassian)-₹82 - ₹87 ലക്ഷം,എന്റർപ്രൈസ് സോഫ്റ്റ്‌വെയർ

10,സെയിൽസ്ഫോഴ്സ് (Salesforce)-₹80 - ₹85 ലക്ഷം,ക്ലൗഡ് സോഫ്റ്റ്‌വെയർ

പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ബ്രോഡ്കോം ഒരു 'സൈലന്‍റ് ജയന്‍റ്' ആണ്. ഗൂഗിളോ ആമസോണോ പോലെ സാധാരണക്കാർക്കിടയിൽ അത്ര ജനകീയമല്ലെങ്കിലും ലോകത്തിലെ മിക്ക സ്മാർട്ട്ഫോണുകൾക്കും ഡാറ്റാ സെന്‍ററുകൾക്കും ആവശ്യമായ ചിപ്പുകളും സോഫ്റ്റ്‌വെയറുകളും നിർമിക്കുന്നത് ഇവരാണ്. തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി (പ്രത്യേകിച്ച് VMware ഏറ്റെടുത്ത ശേഷം), ഇന്ത്യയിലെ ഏറ്റവും മികച്ച എഞ്ചിനീയർമാരെ നിലനിർത്താൻ ഇവർ വൻതുകയാണ് ശമ്പളമായി നൽകുന്നത്.

എന്നാൽ കോടികൾ ശമ്പളം നൽകുന്നുണ്ടെങ്കിലും മെറ്റ, ബ്രോഡ്കോം, ആമസോൺ തുടങ്ങിയ കമ്പനികളിലെ ജീവനക്കാര്‍ ജോലിയിൽ അത്ര സംതൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ആപ്പിളും ആമസോണും തങ്ങളുടെ ഉയർന്ന നിലവാരമുള്ള എഞ്ചിനീയർമാർക്കും പ്രൊഡക്റ്റ് മാനേജർമാർക്കും മികച്ച പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI), സൈബർ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ പ്രാവീണ്യമുള്ളവർക്ക് സാധാരണയേക്കാൾ 30-40% കൂടുതൽ ശമ്പളം ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ലോകമെമ്പാടുമുള്ള പ്രൊഫഷണലുകൾക്കായി നിർമിച്ച ഒരു അജ്ഞാത സോഷ്യൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്‌ഫോമാണ് ബ്ലൈൻഡ്. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായാണ് ഇത് പ്രവർത്തിക്കുന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ, ശമ്പളം, തൊഴിൽ അന്തരീക്ഷം എന്നിവയെക്കുറിച്ച് പേര് വെളിപ്പെടുത്താതെ ജീവനക്കാര്‍ക്ക് ഈ പ്ലാറ്റ്ഫോമിൽ ചര്‍ച്ച ചെയ്യാം.

Similar Posts