< Back
India
കണ്ടെത്തിയത്‌ ലംബോർഗിനിയും ബിഎംഡബ്ല്യൂവുമടക്കമുള്ള ആഡംബര കാറുകൾ; ഓൺലൈൻ വാതുവെപ്പിലൂടെ യൂട്യൂബർ സമ്പാദിച്ചത് കോടികൾ
India

കണ്ടെത്തിയത്‌ ലംബോർഗിനിയും ബിഎംഡബ്ല്യൂവുമടക്കമുള്ള ആഡംബര കാറുകൾ; ഓൺലൈൻ വാതുവെപ്പിലൂടെ യൂട്യൂബർ സമ്പാദിച്ചത് കോടികൾ

Web Desk
|
19 Dec 2025 8:30 AM IST

ഓൺലൈൻ ചൂതാട്ടം, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾക്കായി പശ്ചിമ ബംഗാൾ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷണം ആരംഭിച്ചത്

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പ്, ചൂതാട്ട ആപ്പുകൾ എന്നിവയിൽ നിന്ന് വൻതുക സമ്പാദിച്ച യൂട്യൂബർ നയിച്ചിരുന്നത് ആഡംബര ജീവിതം. ഉത്തർപ്രദേശിലെ പ്രമുഖ യൂട്യൂബറായ അനുരാഗ് ദ്വിവേദിയുടെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഡംബര കാറുകൾ കണ്ടെത്തി. ലംബോർഗിനി ഉറൂസ്, മെഴ്സിഡസ്, ബിഎംഡബ്ല്യൂ സെഡ്4 തുടങ്ങി കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഡംബര കാറുകളാണ് ഇഡി പിടിച്ചെടുത്തത്.

ലഖ്നൗവിലും ഉന്നാവോയിലുമുള്ള ഒമ്പതോളം കേന്ദ്രങ്ങളിലായി നടന്ന പരിശോധനയിൽ നാല് ആഡംബര വാഹനങ്ങൾ കൂടാതെ ഫോർഡ് എൻഡവർ, മഹീന്ദ്ര താർ എന്നിവയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. നിലവിൽ ദുബായിൽ കഴിയുന്ന അനുരാഗ് ദ്വിവേദിക്ക് അനധികൃത ഓൺലൈൻ ബെറ്റിംഗ് പ്ലാറ്റ്ഫോമുകളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് കേന്ദ്ര ഏജൻസി നടപടി കടുപ്പിച്ചത്.

ഇന്ത്യയിൽ ഓൺലൈൻ ചൂതാട്ടം നിയമവിരുദ്ധ പ്രവർത്തനമാണ്. അനുരാഗ് സമ്പാദിച്ച പണത്തിന്റെ വലിയൊരു ഭാഗം സ്‌കൈ എക്‌സ്‌ചേഞ്ച് എന്ന ചൂതാട്ട ആപ്പിൽ നിന്നാണെന്ന് അധികൃതർ വ്യക്തമാക്കി. ഓൺലൈൻ ചൂതാട്ടം, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾക്കായി പശ്ചിമ ബംഗാൾ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷണം ആരംഭിച്ചത്.

അനുരാഗ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി നിയമവിരുദ്ധ ബെറ്റിംഗ് സൈറ്റുകളെ പ്രോത്സാഹിപ്പിച്ചതായും അതിലൂടെ ലഭിച്ച വൻ തുകകൾ ഹവാല ഇടപാടുകൾ വഴി ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചതായും ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. റെയ്ഡിൽ പിടിച്ചെടുത്ത രേഖകളിൽ നിന്ന് ഇയാളും കുടുംബാംഗങ്ങളും വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴി കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

ചോദ്യം ചെയ്യലിനായി പലതവണ സമൻസ് അയച്ചെങ്കിലും അനുരാഗ് ഇഡിക്ക് മുന്നിൽ ഹാജരാകാൻ തയാറായിരുന്നില്ല. ഇതേത്തുടർന്നാണ് ഇയാളുടെ ആസ്തികൾ കണ്ടുകെട്ടുന്നതിലേക്ക് അന്വേഷണസംഘം നീങ്ങിയത്. ഇൻഫ്‌ലുവൻസർമാരുടെ മറവിൽ നടക്കുന്ന വൻതോതിലുള്ള സാമ്പത്തിക തട്ടിപ്പുകളും നികുതി വെട്ടിപ്പുകളും പുറത്തുകൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഈ റെയ്ഡ്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.

Similar Posts