
ചിതയിലെ കനലണയും വരെ അവിടെത്തന്നെയിരുന്നു; കണ്ടു നിന്നവരുടെ കണ്ണ് നിറക്കും ഇവരുടെ സ്‌നേഹം
|കണ്ടു നിന്നവരുടെ കണ്ണു നനച്ച നായയുടെ സ്‌നേഹം ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ചിത്രീകരിച്ച് പുറം ലോകത്തെ അറിയിച്ചത്
ഭോപ്പാൽ: വളർത്തുനായയും യജമാനനും തമ്മിലുള്ള അടുപ്പം പ്രകടിപ്പിക്കുന്ന പല സന്ദർഭങ്ങളും നിത്യജീവിതത്തിൽ ഉണ്ടാവാറുണ്ട്. പലതും വാർത്തയാവാറുമുണ്ട്. യജമാനന്റെ മരണം ഒരു വളർത്ത് നായയിൽ ഉണ്ടാക്കിയ മാറ്റവും മരണത്തോടുള്ള നായയുടെ പ്രതികരണവുമാണ് മധ്യപ്രദേശിൽ നിന്ന് പുറത്തുവരുന്നത്. കണ്ടു നിന്നവരുടെ കണ്ണു നനച്ച നായയുടെ സ്‌നേഹം ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ചിത്രീകരിച്ച് പുറം ലോകത്തെ അറിയിച്ചത്.
മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. തിങ്കളാഴ്ചയാണ് നാൽപതുകാരനായ ജഗദീഷ് പ്രജാപതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ അറിഞ്ഞ് എത്തുന്നതിന് മുമ്പ് തന്നെ മൃതദേഹത്തിന് അരികിലെത്തിയ വളർത്തുനായ ആ രാത്രി മുഴുവൻ കാവലിരുന്നു. കരയുകയോ ഉറങ്ങുകയോ ചെയ്യാതെ ഒരു രാത്രി മുഴുവൻ പ്രിയപ്പെട്ട യജമാന്റെ മൃതദേഹത്തിന് മുന്നിൽ നായ ഇരിപ്പുറപ്പിക്കുകയായിരുന്നു. പിറ്റേന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ നായയും മൃതദേഹം കൊണ്ടുപോയ വാഹനത്തിന് പിന്നാലെ ഓടുകയായിരുന്നു. കിലോമീറ്ററുകൾ പുറകെ ഓടിയ നായയെ പിന്നീട് വാഹനത്തിൽ കയറ്റുകയായിരുന്നു. ആശുപത്രി പരിസരത്തും പോസ്റ്റ്മോർട്ടം നടപടികൾ കഴിയുന്നത് വരെ നായ ക്ഷമയോടെ കാത്തുനിന്നു.
പോസ്റ്റുമോർട്ടം കഴിഞ്ഞ് മൃതദേഹം തിരികെ ഗ്രാമത്തിൽ എത്തിച്ചപ്പോഴും നായ ഒപ്പമുണ്ടായിരുന്നു. ശ്മശാനത്തിൽ ചിതയൊരുക്കുമ്പോൾ ആ നായ അരികിൽ തന്നെ നിലയുറപ്പിച്ചു. അവിടെയുണ്ടായിരുന്നവർ ഭക്ഷണം നൽകാൻ ശ്രമിച്ചെങ്കിലും അതൊന്നും വകവെക്കാതെ തൻ്റെ യജമാനൻ്റെ ചിതയിലേക്ക് തന്നെ നോക്കി ആ നായ ഇരുന്നു. ചിതയിലെ അവസാന കനലും അണയുന്നത് വരെ അവിടെ നിന്നും മാറാൻ വളർത്തുനായ കൂട്ടാക്കിയില്ല. മൃതദേഹത്തിന് ഒപ്പം ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ പോലും ഈ നായയുടെ സ്‌നേഹം അമ്പരപ്പിച്ചു. സ്റ്റേഷൻ ഇൻ-ചാർജ് ഇതിൻ്റെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ഈ 'വിശ്വസ്ത സ്‌നേഹം' ലോകമറിഞ്ഞത്.