< Back
India
ഉറങ്ങിക്കിടന്ന 60കാരനെ തലക്കടിച്ച് കൊന്ന് കിണറ്റില്‍ തള്ളി; മൂന്നാം ഭാര്യയും കാമുകനും അറസ്റ്റില്‍
India

ഉറങ്ങിക്കിടന്ന 60കാരനെ തലക്കടിച്ച് കൊന്ന് കിണറ്റില്‍ തള്ളി; മൂന്നാം ഭാര്യയും കാമുകനും അറസ്റ്റില്‍

Web Desk
|
7 Sept 2025 2:50 PM IST

രണ്ടാം ഭാര്യയാണ് മൃതദേഹം കിണറ്റിൽ പൊങ്ങിക്കിടക്കുന്നത് ആദ്യം കണ്ടതെന്ന് പൊലീസ് പറയുന്നു

ഭോപ്പാൽ: രാജസ്ഥാനിലെ അനുപ്പൂർ ജില്ലയിൽ വയോധികനെ കൊലപ്പെടുത്തിയ മൂന്നാം ഭാര്യയും കാമുകനും സഹായിയും അറസ്റ്റില്‍.ഭയ്യാലാൽ രജക് (60) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യയായ മുന്നി എന്ന വിമല രജക് (38), കാമുകൻ നാരായൺ ദാസ് കുഷ്വാഹ എന്ന ലല്ലു (48) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്യ

ആഗസ്ത് 30ന് രാത്രിയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു.ഭയ്യാലാൽ രജക് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ ഉറങ്ങുകയായിരുന്നു. ഭാര്യയും കാമുകനും ധീരജ് കോൾ (25) എന്നയാളുടെ സഹായത്തോടെ ഭയ്യാലാൽ രജകിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊല്ലുകയും മൃതദേഹം സാരിയും കയറും കൊണ്ട് കെട്ടി വീടിന് പിന്നിലെ കിണറ്റിൽ തള്ളുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പിറ്റേന്ന് രാവിലെ ഭയ്യാലാൽ രജകിന്‍റെ രണ്ടാം ഭാര്യയായ ഗുഡ്ഡി ബായിയാണ് മൃതദേഹം കിണറ്റില്‍ പൊങ്ങിക്കിടക്കുന്നത് കണ്ടത്.ഗുഡ്ഡി ബായി ഇക്കാര്യം അധികൃതരെ അറിയിക്കുകയും ചെയ്തു.

തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. ഭയ്യാലാൽ മൂന്ന് വിവാഹങ്ങൾ കഴിച്ചിരുന്നതായി എസ്‍പി മോതിഉർ റഹ്മാൻ പറഞ്ഞു. ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയശേഷമാണ് അദ്ദേഹം ഗുഡ്ഡിയെ വിവാഹം കഴിച്ചത്.ഇവര്‍ക്ക് കുട്ടികളില്ലാത്തതിനാൽ ഗുഡ്ഡിയുടെ ഇളയ സഹോദരി മുന്നിയെ ഭയ്യാലാൽ രജക് വിവാഹം കഴിച്ചു.ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്.

ഇതിനിടയിലാണ് കുടുംബ സുഹൃത്തും വസ്തു ഇടപാടുകാരനുമായ ലല്ലു മുന്നിയുമായി അടുപ്പത്തിലാകുന്നത്. ഒരുമിച്ച് ജീവിക്കാനായി ഭായ്യാലാലിനെ കൊല്ലാനുള്ള പദ്ധതി ഇരുവരും ആസൂത്രണം ചെയ്തതായി എസ്‍പി പറഞ്ഞു. മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്ത് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊല്ലപ്പെട്ട ഭയ്യാലാൽ രജകിന്‍റെ മൊബൈൽ ഫോൺ കിണറ്റിൽ നിന്ന് ഉദ്യോഗസ്ഥർ കണ്ടെടുത്തു.കേസില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Similar Posts