< Back
India
ഇന്ന് ലാലുവിനെ അധിക്ഷേപിക്കുന്നവർ ഒരുനാൾ അദ്ദേഹത്തെ ഭാരതരത്ന നൽകി ആദരിക്കും; തേജസ്വി യാദവ്
India

'ഇന്ന് ലാലുവിനെ അധിക്ഷേപിക്കുന്നവർ ഒരുനാൾ അദ്ദേഹത്തെ ഭാരതരത്ന നൽകി ആദരിക്കും'; തേജസ്വി യാദവ്

Web Desk
|
18 Feb 2025 11:14 AM IST

' ഒരിക്കൽ മുന്‍മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിനെ അധിക്ഷേപിച്ചവരാണ് ബിജെപി. എന്നിട്ട് അവര്‍ തന്നെ അദ്ദേഹത്തിന് ഭാരതരത്ന നല്‍കി''

പറ്റ്ന: പാർട്ടി അധ്യക്ഷനും പിതാവുമായ ലാലു പ്രസാദ് യാദവിനെതിരെ അധിക്ഷേപം ചൊരിയുന്നവര്‍ തന്നെ, ഒരു ദിവസം അദ്ദേഹത്തിന് ഭാരതരത്‌നം നൽകുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്.

മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിൻ്റെ 37-ാം ചരമവാർഷികത്തോടനുബന്ധിച്ച് സിതാമർഹി ജില്ലയിലെ സോൻബർസയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'' ഒരിക്കൽ താക്കൂറിനെ അധിക്ഷേപിച്ചവരാണ് ബിജെപി. എന്നിട്ട് അവര്‍ തന്നെ അദ്ദേഹത്തിന് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്‍കി. ഇതുപോലെ ലാലുപ്രസാദ് യാദവിന്റെ കാര്യത്തിലും സംഭവിക്കും''- തേജസ്വി യാദവ് പറഞ്ഞു.

കുടിയേറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആര്‍ജെഡി അധികാരത്തില്‍ എത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. താക്കൂർ കാണിച്ചുതന്ന പാതയിലൂടെയാണ് ഞങ്ങൾ സഞ്ചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം തെരഞ്ഞെടുപ്പുമായി ചില കാര്യങ്ങളും അദ്ദേഹം പറയുകയുണ്ടായി.

ഒരു നേതാവിൻ്റെയും നിർബന്ധത്തിന് വഴങ്ങി ഇത്തവണ ടിക്കറ്റ് നൽകില്ലെന്നും ജനങ്ങളുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുകയെന്നുമാണ് തേജസ്വി യാദവ് പറഞ്ഞത്. മുഖ്യമന്ത്രി നിതീഷ് കുമാറിനെയും അദ്ദേഹത്തിൻ്റെ സർക്കാരിനെയും തേജസ്വി യാദവ് വിമര്‍ശിച്ചു. പഴയ സര്‍ക്കാറിനെ മാറ്റേണ്ട സമയം അതിക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

'നിതീഷ് കുമാറിപ്പോള്‍ കൂട്ടിലടച്ച മുഖ്യമന്ത്രിയാണ്. ക്ഷീണിതനായ അദ്ദേഹം ബിജെപിയുടെ കളിപ്പാവയായി മാറിയിരിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അദ്ദേഹം ഒരിക്കലും യോഗ്യനല്ല'- ഇങ്ങനെയായിരുന്നു തേജസ്വി യാദവിന്റെ വാക്കുകള്‍.

Similar Posts