< Back
India
ബിഹാറിനെ ഭരിക്കാനായി മത്സരിക്കുന്നവർ; അറിയാം ആദ്യഘട്ടത്തിലെ 10 ഗ്ലാമർ മണ്ഡലങ്ങൾ
India

'ബിഹാറിനെ ഭരിക്കാനായി മത്സരിക്കുന്നവർ'; അറിയാം ആദ്യഘട്ടത്തിലെ 10 ഗ്ലാമർ മണ്ഡലങ്ങൾ

Web Desk
|
31 Oct 2025 9:24 AM IST

തേജസ്വി യാദവും സാമ്രാട്ട് ചൗധരിയും ഉൾപ്പടെയുള്ളവർ മത്സരിക്കുന്നത് ആദ്യ ഘട്ടത്തിൽ

പട്‌ന: ബിഹാറിൽ ആദ്യ ഘട്ട പോളിങ് നടക്കുന്ന 121 മണ്ഡലങ്ങളിൽ ഭരിക്കുന്നവർ മത്സരിക്കുന്ന 10 മണ്ഡലങ്ങളുണ്ട്. പ്രതിപക്ഷ നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവ്, നിലവിലെ ഉപമുഖ്യമന്ത്രിമാരും ബിജെപിയുടെ സംസ്ഥാന നേതാക്കളുമായ സാമ്രാട്ട് ചൗധരി, വിജയ്കുമാർ സിൻഹ, ജെഡിയു സംസ്ഥാന പ്രസിഡന്റ് ഉമേഷ് കുശ്വാഹ, ആർജെഡിയിൽ നിന്ന് പിണങ്ങി മത്സരിക്കുന്ന തേജ്പ്രതാപ് യാദവ് തുടങ്ങിയവരാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.

1.രാഘവ്പൂർ

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ വാർത്തകളിൽ ഇടം പിടിച്ച നിയമസഭ മണ്ഡലമാണ് രാഘവ്പൂർ. ലാലു പ്രസാദിന്റെ കുടുംബമണ്ഡലമെന്ന് വിശേഷണമുള്ള രാഘവ്പൂർ മണ്ഡലത്തിൽ പ്രശാന്ത് കിഷോർ മത്സരിക്കും എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വാർത്തകളിൽ ഇടം പിടിച്ചത്. തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രശാന്ത് കിഷോർ പ്രഖ്യാപനത്തിൽ നിന്ന് പിൻവാങ്ങിയെങ്കിലും രാഘവ്പൂർ 'ഗ്ലാമർ' മണ്ഡലം തന്നെ. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ തേജസ്വിയാദവാണ് രാഘവ് പൂർ മണ്ഡലത്തിൽ ഇത്തവണയും മത്സരിക്കുന്നത്.

1995 ലും 2000ത്തിലും ലാലുപ്രസാദ് യാദവ് ജയിച്ച മണ്ഡലത്തിൽ നിന്ന് ഭാര്യ റാബറി ദേവി മൂന്ന് തവണ വിജയിച്ചു. 2010 ൽ ലാലു കുടുംബത്തെ കൈവിട്ട മണ്ഡലം 2015 ൽ മകൻ തേജസ്വിയാണ് തിരിച്ചു പിടിച്ചത്. 2020 ലും തേജസ്വി വിജയം ആവർത്തിച്ചു. റാബറി ദേവിയെ പരാജയപ്പെടുത്തിയ സതീഷ് കുമാറിനെയാണ് തേജസ്വി രണ്ട് തവണയും മലർത്തിയടിച്ചത്. ഇത്തവണയും സതീഷ് കുമാർ തന്നെയാണ് എൻഡിഎ/യുടെ സ്ഥാനാർത്ഥി. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയും മത്സരരംഗത്തുണ്ട്. ജൻസുരാജ് പാർട്ടിക്ക് വേണ്ടി ചഞ്ചൽ സിങ്ങാണ് മത്സരിക്കുന്നത്.

2. താരാപ്പൂർ

മത്സരിക്കുന്ന ആളുടെ പ്രാധാന്യം കൊണ്ടുമാത്രമല്ല, രാഷ്ട്രീയ കാരണങ്ങളാലും താരാപ്പൂർ ശ്രദ്ധാകേന്ദ്രമാണ്. ജെഡിയു ശക്തി കേന്ദ്രമായി വിലയിരുത്തപ്പെടുന്ന താരാപ്പൂരിൽ ഇക്കുറി ജെഡിയു സ്ഥാനാർത്ഥിയില്ല. മുന്നണി ധാരണ പ്രകാരം മണ്ഡലത്തിൽ ബിജെപിയാണ് മത്സരിക്കുന്നത്. നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനനേതാക്കളിലൊരാളുമായ സാമ്രാട്ട് ചൗധരിയാണ് എൻഡിഎക്ക് വേണ്ടി ഇറങ്ങിയിട്ടുള്ളത്. കുശ്വാഹ,യാദവ, മുസ്‌ലിം, പട്ടികജാതി വിഭാഗങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലമാണ് താരാപ്പൂർ. ആർജെഡിയുടെ അരുൺകുമാറാണ് മഹാസഖ്യത്തിന് വേണ്ടി മത്സരിക്കുന്നത്.

3).ലഖിസരായ് :യാദവർ,ഭൂമിഹാർ,ഓബിസി തുടങ്ങിയ വിഭാഗങ്ങൾക്ക് നല്ല സ്വാധീനമുള്ള മണ്ഡലത്തിൽ സർക്കാരിലെ രണ്ടാമത്തെ ഉപമുഖ്യമന്ത്രിയായ വിജയ്കുമാറാണ് മത്സരിക്കുന്നത്. ആറാം വട്ടമാണ് വിജയ്കുമാർ ലഖിസരായ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നത്. ഭൂമിഹാർ,ഉപരി സമുദായം എന്നിവരുടെ വോട്ടുകളാണ് ബി.ജെ.പിയെ പിന്തുണച്ചത്.മുംഗേർ മേഖലയിൽ ബി.ജെ.പിക്ക് ഏറ്റവും സുരക്ഷിതമായ മണ്ഡങ്ങളിലൊന്നായാണ് ലഖിസരായ് പരി?ഗണിക്കപ്പെടുന്നത്. ജൻസുരാജ് പാർട്ടിയുടെ സ്ഥാനാർഥി സുരാജ് കുമാറാണ് വിജയ്കുമാറിന് കടുത്ത വെല്ലുവിളി നൽകുന്ന സ്ഥാനാർത്ഥി.

4).മഹ്വ : തേജസ്വിയുടെ സഹോദരനായ തേജപ്രതാപ് മത്സരിക്കുന്ന മണ്ഡലം. തേജ പ്രതാപ് ആർജെഡിക്കൊപ്പമല്ല ഇവിടെ മത്സരിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. ലാലു കുടുംബത്തിലെ പടലപ്പിണക്കം കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് മഹ്വ. സ്വന്തം പാർട്ടിയുണ്ടാക്കിയാണ് തേജപ്രതാപ് മത്സരിക്കുന്നത്. 2015 ൽ ആർ.ജെ.ഡി സ്ഥാനാർഥിയായി തേജ് പ്രതാപ് ജയിച്ച മണ്ഡലമാണിത്.എന്നാൽ 2020 ൽ ഈ മണ്ഡലം വിട്ട് തേജ്പ്രതാപ് ഹാസൻപൂറിലാണ് മത്സരിച്ചത്. ആർജെഡിയുടെ സിറ്റിംഗ് എം.എൽഎ മുകേഷ് കുമാർ റൗഷമും എൻഡിഎ സ്ഥാനാർഥിയും എൽ.ജെ.പിയുടെ പ്രതിനിധിയുമായ സഞ്ജയ് സിംഗുമാണ് എതിരാളികൾ.ശക്തമായ യാദവ വോട്ടുകളുള്ള മണ്ഡലമാണ്.അതുപോലെ,21.17 ശതമാനം പട്ടിക ജാതി വോട്ടുകളും 15.10 ശതമാനം മുസ്‌ലിം വോട്ടുകളുമുണ്ട്.

5).അലി നഗർ : മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ സെലിബ്രിറ്റി സ്റ്റാറ്റസ് കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് അലി നഗർ. യുവ ഗായിക മൈഥലി ഠാക്കൂറാണ് മണ്ഡലത്തിൽ ബിജെപിക്കായി മത്സരരംഗത്തുള്ളത്. 2020 വരെ ആർജെഡി ശക്തികേന്ദ്രമായി അറിയപ്പെട്ടിരുന്ന മണ്ഡലത്തിൽ 2020 അട്ടിമറിയുണ്ടായി. വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെ സ്ഥാനാർഥി മിശ്രിലാൽ യാദവായിരുന്നു 2020 ൽ വിജയിച്ചത്. കഴിഞ്ഞ തവണ ആർജെഡി സ്ഥാനാർത്തിയായി മത്സരിച്ച ബിനോദ് മിശ്ര തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. വികാസ്ശീൽ ഇൻസാൻ പാർട്ടി ഇത്തവണ മഹാസഖ്യത്തിനൊപ്പമാണെന്ന് പ്രത്യേകതകൂടിയുള്ളണ്ട്. മിഥിലാഞ്ചൽ മേഖലയിലെ ദർഗംഗ ജില്ലയിലെ മണ്ഡലമാണ് അലിനഗർ.

6).ഹാസൻപൂർ : എൻഡിഎയിൽ മഹാസഖ്യം പിടിച്ചെടുത്ത മണ്ഡലമാണ് ഹാസൻപൂർ. ലാലുവിന്റെ മറ്റൊരു മകനായ തേജപ്രതാപ് ആണ് അന്ന് മഹാസഖ്യത്തിന് വേണ്ടി മണ്ഡലം പിടിച്ചെടുത്തത്. തേജപ്രതാപ് പാർട്ടിയും മണ്ഡലവും വിട്ട ഈ തെരഞ്ഞെടുപ്പിൽ ജെഡിയു സ്ഥാനാർത്ഥിയായി രാജ്കുമാർ റേയും ആർജെഡിതക്ക് വേണ്ടി മാലാപുഷ്പവുമാണ് മത്സരിക്കുന്നത്. 2020 ന് മുമ്പ് രണ്ട് തവണ ജെഡിയു സ്ഥാനാർത്ഥികളെ വിജയിപ്പിച്ച മണ്ഡലമാണ് ഹാസൻപൂർ.

7).ഹർനൗട്ട് :നിതീഷ് കുമാറിന് കന്നിവിജയം സമ്മാനിച്ച മണ്ഡലമാണ് ഹർനൗട്ട്. 1985 ൽ ആദ്യമായി നിതീഷ് കുമാർ നിയമസഭാംഗമായത് ഹർനൗട്ടിൽ നിന്നാണ്. നിതീഷിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന മണ്ഡലമാണ് നളന്ദയിലെ ഹർനൗട്ട്. ജെ.ഡി.യുവിന്റ ഹരിനാരായൺ യാദവും കോൺഗ്രസിന്റെ അരുൺ കുമാറും ജൻസുരാജ് പാർട്ടിയുടെ കമലേഷ് പസ്വാനും തമ്മിലുള്ള മത്സരമാണ് ഇക്കുറി അരങ്ങേറുന്നത്.2015,2020 വർഷങ്ങളിൽ ഹരിനാരായൺ സിംഗാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്.

8).ഷിയോഹാർ : ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തനായിരുന്ന രഘുനാഥ് ഝായുടെ സ്വാധീനമേഖലയായിരുന്നു ഷിയോഹാർ.23 കൊല്ലം രഘുനാഥ് ഝായായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. പിന്നീട് ഗുണ്ടാത്തലവൻ ആനന്ദ് മോഹൻ മണ്ഡലത്തിൽ സ്വാധീനമുറപ്പിച്ചു. 2020 ൽ ആർജെഡി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചത് ആനന്ദമോഹന്റെ മകൻ ചേതൻ ആനന്ദായിരുന്നു. വിശ്വാസ വോട്ടെടുപ്പ് സമയത്ത് നിതീഷ് കുമാറിന് അനുകൂലമായി വോട്ട് ചെയ്തതിനെ തുടർന്ന് ചേതനെ ആർജെഡിയിൽ നിന്ന് പുറത്താക്കി. പഴയ വിശ്വസ്തന്റെ മകനെയാണ് ആർജെഡി ഇത്തവണ മത്സരരംഗത്തിറക്കിയിരിക്കുന്നത്. മുൻ കേന്ദ്രമന്ത്രി രഘുനാഥ് ഝായുടെ മകൻ നവ്‌നീത് ഝായെയാണ് ആർജെഡിയുടെ സ്ഥാനാർത്ഥി. ജെ.ഡി.യു സ്ഥാനാർഥി ശ്വേതാ ഗുപ്തയും ജൻസുരാജ് പാർട്ടി സ്ഥാനാർഥി നീരജ് സിംഗമാണ് എതിരാളികൾ.5 വട്ടം ആർജെഡി ജയിച്ച മണ്ഡലത്തിൽ നാല് വട്ടം കോൺഗ്രസും രണ്ട് വട്ടം ജെഡിയുവും വിജയിച്ചിട്ടുണ്ട്.

9).രഘുനാഥ്പൂർ :മുൻ എംപിയും ആർ.ജെ.ഡി നേതാവുമായിരുന്ന മുഹമ്മദ് ഷിഹാബുദ്ദീന്റെയും കുടുംബത്തിന്റെയും ശക്തികേന്ദ്രമാണ് രഘുനാഥ്പൂർ.2021 ൽ ഷിഹാബുദ്ദിന്റെ മരണശേഷം ഭാര്യ ഹേന രാഷ്ട്രീയ രംഗത്തിറങ്ങി.ഹേന വിവിധ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു.ഒന്നിലും വിജയിച്ചില്ല.മൂന്ന് വട്ടം ആർജെഡി ടിക്കറ്റിലായിരുന്നു.2024 ൽ സ്വതന്ത്രയായും പയറ്റി.പക്ഷ,പരാജയപ്പെട്ടു.എന്നാൽ അവർ പിടിച്ച 2.93 ലക്ഷം വോട്ടുകൾ ആർ.ജെ.ഡി സ്ഥാനാർഥിയുടെ കനത്തപരാജയത്തിന് കാരണമായി.ഇത്തവണ മകൻ മകൻ ഒസാമ ഷഹാബാണ് ആർ.ജെ.ഡിയുടെ സ്ഥാനാർഥി.സിറ്റിംഗ് എം.എൽ.എ ഹരി ശങ്കർ യാദവിനെ മാറ്റിയിട്ടാണ് ഒസാമയ്ക്ക് സീറ്റ് നൽകിയത്.ജെ.ഡി.യു സ്ഥാനാർഥി വികാസ് കുമാർ സിംഗാണ് മുഖ്യ എതിരാളി.

10).സസാറാം : രാഹുൽഗാന്ധിയുടെ വോട്ട് കൊള്ളക്കെതിരായ റാലി ആരംഭിച്ച മണ്ഡലമാണ് സസാറാം. ജഗ്ജീവൻ റാമിന്റെയും മകൾ മീരാ കുമാറിന്റെയും മേഖലയാണ് കോൺഗ്രസിന് വേരോട്ടമുള്ള സസാറാം.2020 ൽ ആർജെഡി അംഗം രാജേഷ് കുമാർ ഗുപ്ത ,ജെഡിയു സ്ഥാനാർഥി അശോക് കുമാറിനെ പരാജയപ്പെടുത്തി.ഇത്തവണ രാഷ്ട്രീയ ലോക് മോർച്ച നേതാവ് ഉപേന്ദ്ര കുശ്വാഹയുടെ ഭാര്യ സ്‌നേഹലതാ കുശ്വാഹയാണ് എൻഡിഎ സ്ഥാനാർഥി. ആർജെഡിയുടെ സത്യേന്ദ്ര സാ എതിരാളിയാണ്.

Similar Posts