< Back
India
House Help Accuses Army Major, Wife

പ്രതീകാത്മക ചിത്രം

India

ദിവസങ്ങളോളം പട്ടിണിക്കിട്ടു, ശരീരമാസകലം പൊള്ളലിന്‍റെയും മര്‍ദനത്തിന്‍റെയും പാടുകള്‍; മേജറിന്‍റെ വീട്ടില്‍ 16കാരി നേരിട്ടത് ക്രൂരപീഡനം

Web Desk
|
27 Sept 2023 11:54 AM IST

മൂക്കിന് പൊട്ടലുണ്ട്. നാവിൽ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു

ഗുവാഹത്തി: വീട്ടുജോലിക്കാരിയായ പതിനാറുകാരിയെ ദിവസങ്ങളോളം പട്ടിണിക്കിടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ ആര്‍മി ഓഫീസറെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. ഹിമാചല്‍പ്രദേശിലാണ് സംഭവം. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്‍റെയും മര്‍ദനത്തിന്‍റെയും പാടുകളുണ്ട്.

മൂക്കിന് പൊട്ടലുണ്ട്. നാവിൽ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മിക്ക സമയത്തും വസ്ത്രമില്ലാതെയാണ് പെണ്‍കുട്ടി വീട്ടില്‍ കഴിഞ്ഞിരുന്നത്. ആറുമാസത്തോളം ദമ്പതികള്‍ കുട്ടിയെ പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്തു. വിശപ്പ് സഹിക്കാനാവാതെ ഭക്ഷണം ചോദിച്ചപ്പോള്‍ ചവറ്റുകുട്ടയില്‍ നിന്നും കഴിക്കാനാണ് ദമ്പതികള്‍ പറഞ്ഞത്. തന്‍റെ വസ്ത്രമഴിച്ച ശേഷം രക്തം വരുന്നതുവരെ മര്‍ദ്ദിച്ചിരുന്നതായും സ്വന്തം രക്തം നക്കാന്‍ പോലും നിര്‍ബന്ധിച്ചുവെന്നും 16കാരി പൊലീസിനോട് പറഞ്ഞു.

''അവര്‍ എന്നെ ഒരു മുറിക്കുള്ളില്‍ പൂട്ടിയിട്ടു. മുടിയില്‍ പിടിച്ചുവലിച്ചു, അടിച്ചു. വീട്ടുജോലി ചെയ്യുമ്പോള്‍ ഓരോ കുറ്റം കണ്ടുപിടിക്കുകയും റൂള്‍ത്തടി കൊണ്ട് അടിക്കുകയും ചെയ്തു. '' പെണ്‍കുട്ടി താന്‍ നേരിട്ട ക്രൂരതയെക്കുറിച്ച് വെളിപ്പെടുത്തി. എന്നാല്‍ കോണിപ്പടിയില്‍ നിന്നും വീണതുകൊണ്ടാണ് കുട്ടിക്ക് പരിക്കേറ്റതെന്ന് ദമ്പതികള്‍ വാദിച്ചു. പോക്‌സോ, എസ്‌സി/എസ്‌ടി നിയമങ്ങളും മറ്റ് പ്രസക്തമായ വകുപ്പുകളും പ്രകാരമാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇന്ത്യൻ ആർമിയിൽ മേജർ റാങ്കിലുള്ള പ്രതി, പെൺകുട്ടിയെ വീട്ടുജോലിക്കായി വാടകയ്ക്കെടുക്കുകയും ഹിമാചൽ പ്രദേശിലെ പാലംപൂരിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇവിടെ വച്ചാണ് പെൺകുട്ടി മാസങ്ങളോളം പീഡനത്തിന് ഇരയായത്. തിരിച്ചു അസമിലെ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് ക്രൂരപീഡനങ്ങളെക്കുറിച്ച് പെണ്‍കുട്ടി വീട്ടുകാരോട് പറയുന്നത്. വീട്ടിലെത്തിയ പെൺകുട്ടിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു."അവൾക്ക് 16 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, പക്ഷേ അവൾ ഒരു പ്രായമായ സ്ത്രീയെപ്പോലെയാണ് കാണപ്പെടുന്നത്. അവളുടെ പല്ലുകൾ ഒടിഞ്ഞിരുന്നു. മുഖത്ത് പൊള്ളലേറ്റ പാടുകളും ഉണ്ടായിരുന്നു. ചെവികൾ വികൃതമായിരുന്നു, സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നു," അമ്മ വിശദീകരിച്ചു.

Related Tags :
Similar Posts