< Back
India
പ്രാണപ്രതിഷ്ഠാ ദിനത്തിൽ മസ്ജിദിൽ അതിക്രമിച്ച് കയറി കാവിക്കൊടി കെട്ടി: മൂന്ന് സംഘ്പരിവാർ അനുകൂലികൾ  യു.പിയിൽ  അറസ്റ്റിൽ
India

പ്രാണപ്രതിഷ്ഠാ ദിനത്തിൽ മസ്ജിദിൽ അതിക്രമിച്ച് കയറി കാവിക്കൊടി കെട്ടി: മൂന്ന് സംഘ്പരിവാർ അനുകൂലികൾ യു.പിയിൽ അറസ്റ്റിൽ

Web Desk
|
24 Jan 2024 10:43 AM IST

മധ്യപ്രദേശിലെ ചർച്ചുകളിലെ കുരിശുകളിൽ കാവിക്കൊടി കെട്ടുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു

ഷാജഹാൻപൂർ: പ്രാണപ്രതിഷ്ഠാ ചടങ്ങിന് പിന്നാലെ ഉത്തർ പ്രദേശിൽ മസ്ജിദിൽ അതിക്രമിച്ച് കയറി കാവി പതാക കെട്ടി. സംഭവത്തിൽ സംഘ്പരിവാർ അനുകൂലികളായ മൂന്ന് പേർ അറസ്റ്റിൽ. പ്രാണപ്രതിഷ്ഠാ ദിനമായ തിങ്കളാഴ്ച രാത്രിയിലാണ് മസ്ജിദിന് നേരെ അതിക്രമമുണ്ടായത്.

പ്രദേശവാസികളുടെ പരാതിയിൽ അങ്കിത് കതേരിയ, രോഹിത് ജോഷി, രോഹിത് സക്‌സേന എന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തതെന്ന് രാമചന്ദ്ര മിഷൻ പോലീസ് പറഞ്ഞു.രാത്രിയിൽ ലാൽബാഗ് പ്രദേശത്തെ മസ്ജിദിൽ അതിക്രമിച്ചുകടന്ന അക്രമകാരികൾ ​മസ്ജിദിന്റെ മുകളിലുണ്ടായിരുന്ന പച്ച പതാക വലിച്ചെറിഞ്ഞ ശേഷം കാവി പതാക സ്ഥാപിക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് അശോക് കുമാർ മീണ പറഞ്ഞു. പ്രതികളെ ചൊവ്വാഴ്ച തന്നെ അറസ്റ്റ് ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് ​പറഞ്ഞു.

പ്രാണപ്രതിഷ്ഠാ ദിനത്തിൽ തന്നെ മധ്യപ്രദേശിലെ ക്രൈസ്തവ ദേവാലയങ്ങളിലെ കുരിശുകളിൽ കാവിക്കൊടി കെട്ടിയ സംഭവം പുറത്തുവന്നിരുന്നു. ജാംബൂവാ ജില്ലയിലെ നാല് ചർച്ചുകൾക്ക് മുകളിലെ കുരിശിലാണ് കാവിക്കൊടി കെട്ടിയത്. 50 പേരടങ്ങുന്ന സംഘമാണ് ചർച്ചിൽ അതിക്രമിച്ചു കയറിയത്. ദാബ്തല്ലേ, ഉപേറാവ് എന്നിവിടങ്ങളിലെ ശാലോം പള്ളിയിലും മാതാസുലേയിലെ സി.എസ്.ഐ പള്ളിയിലുമാണ് കാവിക്കൊടി കെട്ടിയത്.കൊടി കെട്ടിയ സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറാകാത്തത് വിവാദമുണ്ടാക്കിയിരുന്നു.

Similar Posts