< Back
India
ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വാനിടിച്ച് മരിച്ചത് മൂന്നുപേര്‍; മലയാളിയുടെ തടവുശിക്ഷ ഒഴിവാക്കി മദ്രാസ് ഹൈക്കോടതി
India

ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വാനിടിച്ച് മരിച്ചത് മൂന്നുപേര്‍; മലയാളിയുടെ തടവുശിക്ഷ ഒഴിവാക്കി മദ്രാസ് ഹൈക്കോടതി

Web Desk
|
25 Aug 2025 1:56 PM IST

ജസ്റ്റിസ് ഡി. ഭരത ചക്രവര്‍ത്തിയുടെ ബെഞ്ചാണ് ശിക്ഷ ഇളവുചെയ്തത്

ചെന്നൈ: ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂന്ന് വഴിയാത്രക്കാര്‍ വാനിടിച്ചു മരിച്ച സംഭവത്തില്‍ മലയാളിയായ വാഹനഉടമയുടെ തടവുശിക്ഷ ഒഴിവാക്കി മദ്രാസ് ഹൈക്കോടതി. അപകടത്തിന്റെ സാഹചര്യം കണക്കിലെടുത്തുവേണം ശിക്ഷാവിധിയെന്ന് ജസ്റ്റിസ് ഡി. ഭരത ചക്രവര്‍ത്തിയുടെ ബെഞ്ച് അഭിപ്രായപ്പെട്ടു.

2013 ഡിസംബര്‍ ആറിന് പൊള്ളാച്ചിയിലെ മാര്‍ച്ചിനായിക്കന്‍പാളയത്തായിരുന്നു കേസിനാസ്പദമായ സംഭവം. വാന്‍ ഓടിച്ച എസ്. ഷാഹുല്‍ ഹമീദിന് വിധിച്ച ഒരു വര്‍ഷം തടവാണ് മദ്രാസ് ഹൈക്കോടതി നാല് ദിവസമായി ഇളവുചെയ്തത്. ഇത്രയും ദിവസം നേരത്തേതന്നെ ഷാഹുൽ റിമാന്‍ഡില്‍ കിടന്നിട്ടുള്ളതുകൊണ്ട് ഇനി ജയിലില്‍ കഴിയേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.

പാലക്കാട് മീനാക്ഷിപുരത്ത് ആത്മഹത്യയ്ക്കു ശ്രമിച്ച വെങ്കടേഷ് എന്നയാളുമായാണ് ഷാഹുല്‍ ഹമീദ് തന്റെ ഓമ്നി വാനില്‍ എത്തിയത്. പാലക്കാട്ടെ ആശുപത്രിയില്‍ കാണിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്ക് കോയമ്പത്തൂരിലേക്കു കൊണ്ടുപോകാൻ ഡോക്ടർമാർ നിര്‍ദേശിച്ചു. എത്രയുംപെട്ടെന്ന് ആശുപത്രിയിലെത്തിക്കുന്നതിനായി അതിവേഗത്തില്‍ ഓടിച്ച വാന്‍ മാര്‍ച്ചിനായിക്കന്‍ പാളയത്ത് എത്തിയപ്പോള്‍ ഇരുചക്രവാഹനത്തില്‍ ഇടിച്ചു. പെട്ടെന്ന് വെട്ടിച്ചപ്പോള്‍ മൂന്ന് കാല്‍നടയാത്രക്കാരെയും ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ കാല്‍ നടയാത്രക്കാരായ മൂന്നുപേരും മരിച്ചു. ഇരുചക്രവാഹന യാത്രക്കാര്‍ക്കും പരിക്കേറ്റു.

മരണത്തിന് കാരണമാകുംവിധം അശ്രദ്ധമായി വാഹനമോടിച്ചതിന് ഷാഹുല്‍ ഹമീദിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. 2020 ഒക്ടോബര്‍ 22ന് പൊള്ളാച്ചി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒരുവര്‍ഷം തടവുശിക്ഷയും 20,000 രൂപ പിഴയും വിധിച്ചു. കോയമ്പത്തൂര്‍ സെഷന്‍സ് കോടതി 2021 നവംബര്‍ 26ന് ശിക്ഷ ശരിവെച്ചു.

തുടർന്ന് ഷാഹുല്‍ ഹമീദ് നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതി അനുകൂലവിധി പുറപ്പെടുവിച്ചത്. അശ്രദ്ധമായി വാഹനമോടിച്ചതിന് 800 രൂപയും ആളപായമുണ്ടാക്കിയതിന് 700 രൂപയും പിഴും മരിച്ചവരുടെ കുടുംബങ്ങൾക്ക് 18,000 രൂപ വീതം നൽകാനും ഹൈക്കോടതി ഉത്തരവിട്ടു.

Similar Posts