< Back
India
ടിക്കറ്റില്ലാത്ത യാത്രക്കാര്‍ ഇരച്ചുകയറി; ബിഹാറിൽ വന്ദേഭാരതിന്‍റെ ആദ്യയാത്രയിൽ സംഭവിച്ചത്!
India

ടിക്കറ്റില്ലാത്ത യാത്രക്കാര്‍ ഇരച്ചുകയറി; ബിഹാറിൽ വന്ദേഭാരതിന്‍റെ ആദ്യയാത്രയിൽ സംഭവിച്ചത്!

Web Desk
|
23 Jan 2026 3:58 PM IST

ഇന്നലെയായിരുന്നു പറ്റ്ന-ന്യൂഡൽഹി വന്ദേഭാരത് എക്സപ്രസിന്‍റെ കന്നിയാത്ര

പറ്റ്ന: വന്ദേഭാരത് എക്സ്പ്രസ് ടിക്കറ്റില്ലാത്ത യാത്രക്കാരെക്കൊണ്ട് നിറഞ്ഞ കാഴ്ചയാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ബിഹാറിലെ വന്ദേഭാരതിന്‍റെ ഉദ്ഘാടന യാത്രയിലാണ് ടിക്കറ്റില്ലാത്ത യാത്രക്കാര്‍ ഇരച്ചുകയറിയത്. ഇന്നലെയായിരുന്നു പറ്റ്ന-ന്യൂഡൽഹി വന്ദേഭാരത് എക്സപ്രസിന്‍റെ കന്നിയാത്ര.

യാത്രക്കാരിൽ ഭൂരിഭാഗം പേര്‍ക്കും ട്രെയിനിനെക്കുറിച്ചും അതിന്റെ നിയമങ്ങളെക്കുറിച്ചും പരിചയമില്ലായിരുന്നുവെന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. കോച്ചിൽ നിറയെ യാത്രക്കാര്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ഇതിനിടെ ഒരു ആർ‌പി‌എഫ് ഉദ്യോഗസ്ഥനെത്തി ട്രെയിന് പുറത്തേക്ക് പോകണമെന്നും അല്ലെങ്കിൽ വാതിൽ അടച്ചുകഴിഞ്ഞാൽ പ്രശ്നങ്ങളുണ്ടാകുമെന്നും പറയുന്നത് കേൾക്കാം.

വീഡിയോയിൽ സ്ത്രീ യാത്രക്കാരെയും കാണാം. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഇവര്‍ ആശയക്കുഴപ്പത്തിലായി. ട്രെയിനിൽ നിന്നും ഇറക്കിവിട്ടവരിൽ പലരുടെയും കൈവശം ലഗേജൊന്നുമുണ്ടായിരുന്നില്ല. ടിക്കറ്റോ ട്രെയിൻ എങ്ങോട്ടാണ് പോകുന്നതെന്നോ അറിവില്ലാതെയാണ് ഇവര്‍ വന്ദേഭാരതിൽ കയറിയത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് ടിക്കറ്റില്ലാത്ത മുഴുവൻ യാത്രക്കാരെയും ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പുറത്താക്കി. പശ്ചാത്തലത്തിൽ, ഒരു യാത്രക്കാരൻ 'ആളുകൾ ഏത് ട്രെയിൻ ആണെന്ന് പോലും നോക്കാതെ അതിൽ കയറുന്നു' എന്ന് പറയുന്നത് കേൾക്കാം.

വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപക ചര്‍ച്ചക്ക് വഴിവച്ചു. ബിഹാറിന്‍റെ അവസ്ഥ വളരെ മോശമാണെന്നും ഇത് ചെറിയൊരു ഉദാഹരണം മാത്രമാണെന്നും ഒരു ഉപയോക്താവ് ചൂണ്ടിക്കാട്ടി. "ഇത് സോഷ്യലിസത്തിന്റെ പരാജയമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷവും, ട്രെയിൻ എവിടേക്കാണ് പോകുന്നതെന്ന് ആളുകൾക്ക് മനസ്സിലാകുന്നില്ല." മറ്റൊരാൾ അഭിപ്രായപ്പെട്ടു. "ഭാവി തലമുറയ്ക്ക് ശരിയും തെറ്റും തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ സർക്കാർ സ്കൂളുകൾ നന്നാക്കണം" എന്നായിരുന്നു ഒരാൾ ചൂണ്ടിക്കാട്ടിയത്.

Similar Posts